Skip to main content

വാക്സിൻ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് പുറത്തുവിട്ടു

സംസ്ഥാനത്തു വാക്സിൻ എടുക്കാത്ത അധ്യാപക, അനധ്യാപകരുടെ കണക്ക് പുറത്തുവിട്ട് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശിവൻകുട്ടി. വാക്സിൻ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ എണ്ണം 1,707 ആണ്. ഇതിൽ 1,495 പേർ അധ്യാപകരും 212 പേർ അനധ്യാപകരുമാണ്.
എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗത്തിൽ 1,066 അധ്യാപകരും 189 അനധ്യാപകരും വാക്സിൻ എടുത്തിട്ടില്ല. ഹയർസെക്കൻഡറി വിഭാഗത്തിൽ 200 അധ്യാപകരും 23 അനധ്യാപകരും വാക്സിൻ എടുക്കേണ്ടതുണ്ട്. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 229 അധ്യാപകർ വാക്സിൻ എടുത്തിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും മറ്റ് ഓഫീസ് ജീവനക്കാർക്കും ആഴ്ചയിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. രോഗങ്ങൾ, അലർജി തുടങ്ങിയ പ്രശ്നങ്ങൾ കാരണം വാക്സിൻ എടുക്കാത്തവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
*ഡിസംബർ 13 മുതൽ സ്‌കൂൾ യൂണിഫോം നിർബന്ധം
ഡിസംബർ 13 മുതൽ സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കും. ബസ് കൺസെഷൻ അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് ഇതെന്നു മന്ത്രി പറഞ്ഞു.
ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്പെഷ്യൽ സ്‌കൂളുകളും ഹോസ്റ്റലുകളും എട്ടു മുതൽ തുറക്കാം. പൊതുവിദ്യാലയങ്ങൾക്ക് ബാധകമായ മാനദണ്ഡങ്ങൾ പാലിക്കണം. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാർക്കും സ്‌കൂളുകളിൽ എത്താം.
പ്ലസ് വൺ സീറ്റ് കുറവുള്ള താലൂക്കുകളുടെ എണ്ണവും മന്ത്രി പുറത്തുവിട്ടു. മൊത്തം 21 താലൂക്കുകളിലാണ് സീറ്റ് കുറവുള്ളത്. 21 താലൂക്കുകളിൽ നൽകേണ്ട ആകെ ബാച്ചുകൾ 72 ആണ്. ഒരു സയൻസ് ബാച്ചും 61 ഹ്യുമാനിറ്റീസ് ബാച്ചും 10 കോമേഴ്സ് ബാച്ചുമാണ് അനുവദിക്കുന്നത് എന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
പി.എൻ.എക്സ്. 4887/2021

date