Skip to main content

മികവിന്റെ കേന്ദ്രമായി അന്നമനട പഞ്ചായത്ത്‌; സിവിൽ സർവീസ് അക്കാദമി പ്രവർത്തനം ആരംഭിച്ചു

വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവടുവെപ്പുമായി അന്നമനട ഗ്രാമപഞ്ചായത്ത്‌.  മികവിന്റെ കേന്ദ്രമാക്കി പഞ്ചായത്തിനെ മാറ്റുന്നതിന്റെ ഭാഗമായി സിവിൽ സർവീസ് അക്കാദമി പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു.

ജീവിതത്തെ ആത്മ വിശ്വാസത്തോടെ നേരിടാൻ സഹായിക്കും വിധമുള്ള വിദ്യാഭ്യാസത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ സമൂഹത്തെ ഒരു നവവൈഞ്ജാനിക സമൂഹമായി മാറ്റിയെടുക്കുന്നതിൽ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമില്ലാത്ത ശാസ്ത്ര ചിന്തയും യുക്തിബോധവുമുള്ള ഒരു പൊതുസമൂഹമാണ് നമുക്ക് വേണ്ടത്. ഇതിന് മുന്നോടിയായി മികച്ച വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്. കേരളത്തിനെ ലോകത്തിന്റെ നെറുകയിൽ തലയുയർത്തി നിർത്തിയ കേരള മോഡൽ എന്ന വികസന സങ്കല്പത്തിന്റെ പ്രധാന ആശയങ്ങളാണ് വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും സംസ്ഥാനം ആർജിച്ചെടുത്ത നേട്ടങ്ങൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യ വികസനത്തിലും മറ്റ് വിവിധങ്ങളായ കാര്യങ്ങളിലും വലിയ മാറ്റം കൊണ്ടു വരാൻ സർക്കാരിന് കഴിഞ്ഞു.  ഇതിന്റെ ഭാഗമായി അന്തർദേശിയ നിലവാരമുള്ള സർക്കാർ സ്കൂളുകൾ നമുക്കുണ്ടായി. ഉന്നത വിദ്യാഭ്യാസ രംഗത്തും ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണെന്ന് പ്രഖ്യാപിക്കാൻ നമുക്ക് കഴിയണം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. തുടർ പഠനങ്ങൾക്കായി സ്വന്തം നാട് വിട്ട് ദൂരദേശങ്ങളിലേക്ക് കുട്ടികൾ പോകുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. ഇതിന്റെ ഭാഗമായി അന്തർദേശിയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സിവിൽ സർവീസടക്കമുള്ള മത്സര പരീക്ഷകളിൽ വിജയം നേടുന്നതിനായുള്ള പരിശീലനമാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകുന്നത്. തിരഞ്ഞെടുത്ത 50 കുട്ടികൾക്കാണ് പരിശീലനം. കെ എസ് ബി മിൽ കണ്ട്രോൾസ് ലിമിറ്റഡിന്റെ സി എസ് ആർ ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് ലക്ഷം രൂപ ധനസഹായവും സിവിൽ സർവീസ് അക്കാദമിക്ക് ലഭിച്ചിട്ടുണ്ട്.

അഡ്വ.വി ആർ സുനിൽ കുമാർ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവ് അസ്ന സിയാദിനെ മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ ആദരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി വിനോദ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഒ സി രവി, പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സിന്ധു ജയൻ, മറ്റ് പഞ്ചായത്ത്‌ അംഗങ്ങൾ, മികവിന്റെ കേന്ദ്രം ഉപസമിതി കൺവീനർ എം എ ഹക്ക്, പഞ്ചായത്ത്‌ സെക്രട്ടറി ടി ജെ റീന കെ എസ് ബി മിൽ കണ്ട്രോൾസ് ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ജഗദീഷ് ശങ്കർ, എച് ആർ മാനേജർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

date