Skip to main content

'നിയുക്തി' നൽകി 770 പേർക്ക് തൊഴിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: യുവജനങ്ങൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി വേദിയൊരുക്കി സംസ്ഥാന സർക്കാർ എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന കോട്ടയത്ത് നടത്തിയ 'നിയുക്തി 2021' മെഗാ തൊഴിൽ മേളയിലൂടെ 770 പേർക്ക് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചു. 1772 പേരെ വിവിധ സ്ഥാപനങ്ങൾ ഷോർട് ലിസ്റ്റ് ചെയ്തു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയിബിലിറ്റി സെന്ററും കോട്ടയം ബസേലിയസ് കോളജുമായി സഹകരിച്ച് നടത്തിയ തൊഴിൽ മേളയിൽ 6487 ഉദ്യോഗാർഥികളാണ് പങ്കെടുത്തത്.
സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ഊർജ്ജിത നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ അധികാരമേറ്റ് നൂറു ദിവസത്തിനുള്ളിൽ 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ അറുപത്തി അയ്യായിരത്തിലധികം തൊഴിലവസരം സൃഷ്ടിച്ചു. സഹകരണമേഖലയിൽ ഇരുപതിനായിരത്തിലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. സ്വകാര്യമേഖലയിലടക്കം തൊഴിൽ ലഭ്യമാക്കുന്നതിനായാണ് മെഗാ തൊഴിൽ മേളകൾ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, എ.ഡി.എം. ജിനു പുന്നൂസ്, സബ് റീജണൽ എംപ്ലോയ്‌മെന്റ് ഓഫീസർ എ.എം. സോണിയ, പ്രിൻസിപ്പൽ ഡോ. ബിജു തോമസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ജി. ജയശങ്കർ പ്രസാദ്, കോളജ് പ്ലേസ്‌മെന്റ് സെൽ കോ-ഓർഡിനേറ്റർ റ്റെസി മോൾ എബ്രഹാം, സെൽഫ് എംപ്ലോയ്‌മെന്റ് ഓഫീസർ എ.ആർ. അജിത്, വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ കെ.ആർ. ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ബാങ്കിംഗ്, നോൺ ബാങ്കിംഗ്, എഫ്.എം.സി.ജി. ടെക്നിക്കൽ, നോൺ ടെക്നിക്കൽ, ഐ.ടി., എൻജിനീയറിങ്, ഓട്ടോ മൊബൈൽ, എഡ്യുക്കേഷൻ, ഫാർമസ്യൂട്ടിക്കൽസ്, ബി.പി.ഒ., മാനുഫാക്ചറിംഗ്, റീറ്റെയിൽ, ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി, എച്ച്.ആർ. മാനേജ്മെന്റ്, ഇൻഷുറൻസ്, ഹെൽത്ത് സെയിൽസ്, സർവീസ്, എമർജൻസി മാനേജ്മെന്റ് സർവീസ്, ഹെൽത്ത് കെയർ തുടങ്ങി വിവിധ മേഖലകളിലെ 65 തൊഴിൽദായകരാണ് മേളയിൽ പങ്കെടുത്തത്. രാവിലെ ഒമ്പതു മുതൽ തന്നെ ഉദ്യോഗാർഥികൾ എത്തിത്തുടങ്ങി. വൈകിട്ട് ആറിനാണ് മേള സമാപിച്ചത്. സ്വയംതൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മാർഗനിർദ്ദേശം നൽകുന്നതിനായി സെൽഫ് എംപ്ലോയ്‌മെന്റ് യൂണിറ്റിന്റെ സ്റ്റാളും ഇന്ത്യൻ വ്യോമസേനയിലെ അവസരങ്ങളെക്കുറിച്ച് ഉദ്യോഗാർഥികൾക്ക് വിവരങ്ങൾ നൽകുന്നതിന് വ്യോമസേനയുടെ പ്രത്യേക സ്റ്റാളും സജ്ജീകരിച്ചിരുന്നു.

 

date