Skip to main content

തുല്യതയ്ക്കായുള്ള ചരിത്ര ദൗത്യം സമൂഹം ഏറ്റെടുക്കണം: മന്ത്രി കെ.രാധാകൃഷ്ണൻ

ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റം ഉണ്ടാവണമെന്നും അതിനായുള്ള ചരിത്ര ദൗത്യം ഏറ്റെടുക്കേണ്ടത് നമ്മൾ ഓരോരുത്തരാണെന്നും ദേവസ്വം പട്ടികജാതി പട്ടികവർഗ ക്ഷേമ പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഗുരുവായൂർ ദേവസ്വം ക്ഷേത്രപ്രവേശന സത്യഗ്രഹ നവതിയോടനുബന്ധിച്ചു നടത്തിയ ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

സമൂഹത്തിൽ തുല്യത വേണമെന്നത് പ്രധാനമാണ്. ഈ കാലഘട്ടം പ്രതിസന്ധി നിറഞ്ഞതാണ്.  മഹാമാരിക്കെതിരെ മനുഷ്യൻ ഒറ്റക്കെട്ടായി നിൽക്കണം എന്നാണ് കോവിഡ് നമ്മെ പഠിപ്പിച്ചത്. രോഗങ്ങൾക്ക് ജാതിയോ മതമോ ആൺ പെൺ വ്യത്യാസമോ സമ്പന്നൻ എന്നോ ദരിദ്രനെന്നോ ഒന്നുമില്ല. ഒന്നായി നിന്നുകൊണ്ട് ചെറുത്തു തോൽപ്പിക്കുക എന്ന സന്ദേശമാണ് കോവിഡ് മഹാമാരി നൽകുന്ന സന്ദേശം. ഗുരുവായൂർ സത്യഗ്രഹ നവതിയുടെ ആവേശവും ഊർജ്ജവും ഈ സന്ദേശം ഏറ്റെടുക്കാൻ സമുഹത്തെ പ്രാപ്തരാക്കട്ടെയെന്നും മന്ത്രി പറഞ്ഞു. 

ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന് സാക്ഷിയായ പി ചിത്രൻ നമ്പൂതിരിപ്പാടിനെ ചടങ്ങിൽ ആദരിച്ചു. പ്രൊഫ. എം എം നാരായണൻ മോഡറേറ്ററായ സെമിനാറിൽ ഡോ. പി വി കൃഷ്ണൻ നായർ, റിട്ടയേഡ് ജസ്റ്റിസ് കെ സുകുമാരൻ, ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

date