Skip to main content
Hajj

സംസ്ഥാന ഹജ് ക്യാമ്പ് ജൂലൈ 31 മുതല്‍ ആദ്യവിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് ഓഗസ്റ്റ് ഒന്നിന്

 

കൊച്ചി: ഈ വര്‍ഷത്തെ ഹജ് ക്യാമ്പിന് അടുത്തമാസം തുടക്കമാകും. ജൂലൈ 31ന് വൈകീട്ട് 7 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആദ്യ ഹജ്ജ് വിമാനം ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ 12.30ന് ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി കെ.ടി ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ആഗസ്റ്റ് ഒന്ന് മുതല്‍ 16 വരെ 29 ഹജ് സര്‍വീസുകളാണ് ഇക്കുറിയുണ്ടാകുക.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സിയാല്‍ അക്കാദമി ബ്ലോക്കിലും പ്രത്യേകം സജ്ജീകരിച്ച ടെന്റുകളിലുമാണ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. ക്യാമ്പ് നടത്തിയിരുന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കര്‍ ലഭ്യമല്ലാത്തതിനാലാണ് സിയാല്‍ അക്കാദമിയിലേക്ക് മാറ്റിയത്. തീര്‍ത്ഥാടകരുടെ രജിസ്‌ട്രേഷന്‍, ലഗേജ് സ്വീകരിക്കല്‍ എന്നിവ ടി3 ടെര്‍മിനലിലെ എ13 മുതല്‍ എ15 വരെയുള്ള ഭാഗത്തായിരിക്കും. ഇവിടെ നിന്നും ഹജ്ജ് കമ്മിറ്റിയുടെ വാഹനങ്ങളിലാണ് ക്യാമ്പിലേക്ക് കൊണ്ടുപോകുക. തീര്‍ത്ഥാടകരെ അനുഗമിച്ചെത്തുന്നവര്‍ക്ക് ക്യാമ്പിലേക്ക് പ്രവേശനമുണ്ടാകില്ല.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദുകുഞ്ഞ് മുസലിയാരുടെ അധ്യക്ഷതയില്‍ സിയാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ക്യാമ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ഹജ് കമ്മിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും മലപ്പുറം ജില്ലാ കളക്ടറുമായ അമിത് മീണ, സിയാല്‍ ഡയറക്ടര്‍ എ.സി.കെ നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം ഷെബീര്‍, ഹജ് കമ്മിറ്റി അസി. സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍, കോ ഓഡിനേറ്റര്‍ എം.പി. ഷാജഹാന്‍, എമിഗ്രേഷന്‍, കസ്റ്റംസ്, സി.ഐ.എസ്.എഫ്, ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date