കൊച്ചി: ഹജ് ക്യാമ്പില്‍ തീര്‍ത്ഥാടകര്‍ മാത്രം സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല
കൊച്ചി: ഹജ് ക്യാമ്പ് നടക്കുന്ന സിയാല്‍ അക്കാദമിയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് പ്രവേശനമെന്നും സന്ദര്‍ശകര്‍ക്ക് അനുമതിയുണ്ടാകില്ലെന്നും സംസ്ഥാന ഹജ് കമ്മിറ്റി അറിയിച്ചു. ക്യാമ്പ് സംഘടിപ്പിക്കുന്ന സിയാല്‍ അക്കാദമിയിലെ സ്ഥലപരിമിതി മൂലമാണ് ഈ നിയന്ത്രണം. തീര്‍ത്ഥാടകരുമായി വരുന്ന വാഹനങ്ങള്‍ അവരെ ടി3 ടെര്‍മിനലിലെ ഹജ് കൗണ്ടറില്‍ ഇറക്കിയ ശേഷം വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്യുകയോ മടങ്ങിപ്പോകുകയോ ചെയ്യണം. ക്യാമ്പ് പരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടാകില്ല.
മുന്‍വര്‍ഷങ്ങളില്‍ ഹജ് ക്യാമ്പ് നടത്തിയിരുന്ന എയര്‍ക്രാഫ്റ്റ് മെയിന്റന്‍സ് ഹാങ്കര്‍ ഇക്കുറി ലഭ്യമല്ലാത്തതിനാലാണ് ക്യാമ്പ് സിയാല്‍ അക്കാദമിയിലേക്ക് മാറ്റിയത്. ഇവിടെ തീര്‍ത്ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. പ്രാര്‍ത്ഥനയ്ക്കും സമ്മേളനത്തിനും പന്തലില്‍ സൗകര്യമേര്‍പ്പെടുത്തും. ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ടാകും. അതേസമയം കൗണ്ടറുകളും മറ്റും വിമാനത്താവളത്തിലായിരിക്കും. രജിസ്ട്രേഷന്, ലഗേജ് സ്വീകരിക്കല്‍ എന്നിവ തീര്‍ത്ഥാടകരെ ക്യാമ്പിലേക്ക് അയക്കുന്നതിന് മുമ്പ് ടി3 ടെര്‍മിനലില്‍ പൂര്‍ത്തിയാക്കും. ടെര്‍മിനലില്‍ നിന്നും ഹജ് കമ്മിറ്റിയുടെ വാഹനങ്ങളില്‍ വോളന്റിയര്മാര്ക്കൊപ്പമാണ് തീര്‍ത്ഥാടകര്‍ ക്യാമ്പിലേക്ക് പോകുക.
സിയാല്‍ അക്കാദമി ജൂലൈ 20നകം തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ സജ്ജമാകും. പന്തല്‍ നിര്‍മാണവും പൂര്‍ത്തിയാക്കും. ആവശ്യത്തിന് ട്രോളികളും ക്യാമ്പിലുണ്ടാകും. ഹജ് എമിഗ്രേഷന്‍ വേണ്ടി നാല് കൗണ്ടറുകളാണ് നീക്കിവയ്ക്കുക. തിരക്കനുസരിച്ച് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കും. കസ്റ്റംസും സി.ഐ.എസ്.എഫും തീര്‍ത്ഥാടകരുടെ സൗകര്യം ഉറപ്പാക്കുന്നതിന് പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും. ക്യാമ്പില്‍ ടെലിഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ചുമതല ബി.എസ്.എന്‍.എല്ലിനാണ്. ചികിത്സ, വാക്സിനേഷന് തുടങ്ങിയവയ്ക്കുള്ള സജ്ജീകരണം ജില്ലാ മെഡിക്കല്‍ ഓഫീസ് ഏര്‍പ്പെടുത്തും.
കോഴിക്കോട്, മലപ്പുറം, പൊന്നാനി, കല്‍പ്പറ്റ, മാനന്തവാടി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. എല്ലാ പ്രധാന ട്രെയിനുകളും ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 16 വരെ ആലുവയില്‍ നിര്‍ത്തും. വിദേശനാണയം നല്‍കുന്നതിന് ബോംബെ മര്‍ക്കന്റൈല്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെയും ഫീസ് സ്വീകരിക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെയും കൗണ്ടറുകള്‍ ക്യാമ്പില്‍ പ്രവര്‍ത്തിക്കും.
- Log in to post comments