Skip to main content

കാസർഗോഡ് മെഡിക്കൽ കോളേജിൽ ജനുവരി മൂന്ന് മുതൽ ഒപി ആരംഭിക്കും

കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജിൽ ജനുവരി മൂന്ന് മുതൽ ഒ.പി ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. അക്കാഡമിക് ബ്ലോക്കിലായിരിക്കും ഒ.പി പ്രവർത്തിക്കുക. എത്രയും വേഗം ജനങ്ങൾക്ക് ഒ.പി സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആശുപത്രി കെട്ടിടം നിർമ്മാണം പൂർത്തിയാക്കുന്നതുവരെ കാത്തിരിക്കാതെ അക്കാഡമിക് ബ്ലോക്കിൽ ഒ.പി സേവനം സജ്ജമാക്കിയത്. മെഡിക്കൽ, പീഡിയാട്രിക് ഒ.പികളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സർജറി, ഇ.എൻ.ടി, ഒഫ്ത്താൽമോളജി, ദന്തൽ ഒ.പികൾ തുടങ്ങുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
ഒ.പി തുടങ്ങുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ന്യൂറോളജിസ്റ്റിനെ നിയമിച്ചിരുന്നു. എൻഡോസൾഫാൻ ദുരിത ബാധിതരുടെ ദീർഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കിയത്. ഇവരുടെ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാനും ഭാവിയിൽ മെഡിക്കൽ കോളേജിൽ ഇവരുടെ ചികിത്സയ്ക്കായി കൂടുതൽ സൗകര്യങ്ങളൊരുക്കാനും ഇതിലൂടെ കഴിയും.
പി.എൻ.എക്സ്. 5320/2021

date