Skip to main content

രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ കാലതാമസം വരുത്തരുതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചതിന്ന് ശേഷം  സമയപരിധി പൂര്‍ത്തിയായ എല്ലാവരും എത്രയും പെട്ടെന്ന് തന്നെ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തതിനാല്‍ കോവിഡ് രോഗം ഗുരുതരമാകുന്ന സാഹചര്യമുണ്ടാകാനിടയുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.  
ജില്ലയില്‍ ഇതുവരെ  കോവിഡ് വാക്‌സിന്‍  ഒന്നാം ഡോസ് 94 ശതനാനവും രണ്ടാം ഡോസ്   76    ശതമാനവും വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ ജില്ലയില്‍ ഇന്ന് മുതല്‍ 15 വയസ്സ് കഴിഞ്ഞ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍  നല്‍കിത്തുടങ്ങിയിട്ടുണ്ട്. ജനുവരി 10 മുതല്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് മൂന്നാം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

 കുട്ടികളുടെ വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷനും ശക്തമായി തുടങ്ങുന്നതിന് മുമ്പായി സമയമായിട്ടുള്ള എല്ലാവരും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്.   വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ  എല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്ന അവസരത്തിലും, കോവിഡിന്റെ  വിവിധ വകഭേദങ്ങളായ ഒമിക്രോണ്‍ പോലെയുള്ള വൈറസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തിലും എല്ലാവരും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മിപ്പിച്ചു.

ജില്ലയില്‍ 55,09,291 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 31,32,695 പേര്‍ക്ക് ഒന്നാം ഡോസും 23,76,596
പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 18 വയസ്സ് മുകളില്‍ പ്രായമുള്ള 3132695 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2376596 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

കുട്ടികള്‍ക്കുള്ള വാക്സിനേഷന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 15 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ വാക്സിനേഷന്‍ കേന്ദ്രമായ ശിക്ഷക് സദനില്‍ നടന്ന പരിപാടിയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി കെ സക്കീര്‍ ഹുസൈന്‍, പി കെ അബ്ദുല്‍ ഹക്കീം, ഡി.എം.ഒ ഡോ.രേണുക തുടങ്ങിയവര്‍ സംസാരിച്ചു.  ഈ അവസരം മുഴുവന്‍ കുട്ടികളും പ്രയോജനപ്പെടുത്തണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ പറഞ്ഞു.
പരിപാടിയില്‍ എന്‍.എച്ച്.എം  ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.അനൂപ്, ആര്‍.സി.എച്ച് ഡോ.ഷിബുലാല്‍, വാക്സിനേഷന്‍ ഹെഡ് ഡോ.പ്രവീണ, മാസ്സ് മീഡിയ ഓഫീസര്‍  പി രാജു, താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.അലിഗര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
 

date