Skip to main content

ആവേശമായി പെരളശ്ശേരിയിൽ ഹരിത വിളംബര റാലി

 

ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി  പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ ഹരിത വിളംബര റാലി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലൻ മുഖ്യാതിഥിയായി. ഭരണസമിതി, കുടുംബശ്രീ, ഹരിത കർമ സേന, എൻഎസ്എസ്, എസ്പിസി എന്നിവർ റാലിയിൽ അണിനിരന്നു. ജില്ലാ ഭരണകൂടത്തിന്റെ 'പ്ലാസ്റ്റിക് ഫ്രീ' സന്ദേശം മുഴുവൻ വാർഡുകളിലും നൽകി.
ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധന സന്ദേശവുമായി കടകളിൽ നൽകുന്നതിനുള്ള നോട്ടീസ് തയ്യാറായി. പഞ്ചായത്ത് കാര്യാലയത്തിലും പ്രധാന ടൗണുകളിലും അതിരുകളിലും ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചു. കടകളിൽ സ്റ്റിക്കർ പതിക്കുന്ന പ്രവർത്തനം ആരംഭിച്ചു. കല്യാണങ്ങളിലും പൊതുചടങ്ങുകളിലും ഒറ്റ തവണ പ്ലാസ്റ്റിക് വസ്തുക്കളും നിരോധിക്കും.
ജനുവരി ഒന്ന് മുതൽ പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന എല്ലാ പേപ്പറുകളിലും ശുചിത്വ സീൽ പതിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ചു ഹരിത കർമ സേനക്ക് കൈമാറുകയെന്ന സന്ദേശമാണ് സീലിൽ ഉള്ളത്. വളർന്നു വരുന്ന തലമുറയിൽ ശുചിത്വ ബോധം ഊട്ടിയുറപ്പിക്കാൻ സ്‌കൂളുകളിൽ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് മത്സരങ്ങൾ, ബോധവൽക്കരണം, പോസ്റ്റർ പ്രചരണം എന്നിവ നടത്തും. ആദ്യ പടിയായി പി ഇ സി യോഗം പഞ്ചായത്ത് തലത്തിൽ വിളിച്ചു ചേർത്ത് എല്ലാ സ്‌കൂളുകളിലും ശുചിത്വ പ്രതിജ്ഞയും ബോധവൽക്കരണ ക്ലാസും നടത്തി.  നിയമ നടപടികൾ കർശനമാക്കാൻ പഞ്ചായത്തിൽ ആന്റി വിജിലൻസ് സ്‌ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി വാർഡ് തല സ്‌ക്വാഡുകൾ ഉടൻ രൂപീകരിക്കുമെന്ന് പ്രസിഡണ്ട് എ വി ഷീബ പറഞ്ഞു. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺമാരായ വ കെ അഭിജാത്, കെ നാരായണൻ എന്നിവരും വിപ്രശാന്ത്, കെ കെ സുഗതൻ, പി പി സജിത, കെ ബീന തുടങ്ങിയവരും സംസാരിച്ചു.

date