ലഹരി വര്‍ജനത്തിന് സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: പി.ഉണ്ണി എം.എല്‍.എ
ലഹരി വര്‍ജനത്തിന് സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് പി ഉണ്ണി. എം.എല്‍.എ പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി എക്സൈസ് വകുപ്പ് സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ദിനങ്ങളുടെ പ്രാധാന്യം ഒരു ദിവസത്തില്‍ മാത്രമായി ഒതുക്കിനിര്‍ത്താതെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും എം.എല്‍.എ വ്യക്തമാക്കി. വിക്ടോറിയ കോളെജില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ റാലി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ സെല്‍ ഡി.വൈ.എസ്.പി, ഷംസുദീന്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ലോകത്ത് 20.8 കോടി ജനങ്ങള്‍ നിയമ വിരുദ്ധമായി ലഹരി ഉപയോക്താക്കളാണെന്നും ഇതില്‍ 15 നും 64 നും ഇടയില്‍ പ്രായമായ 3.9 ശതമാനം ആളുകള്‍ ലഹരിക്ക് അടിമകളാണെന്നുമാണ് യുനൈറ്റഡ് നാഷന്‍റെ കണക്ക്. 2013 ലെ കണക്ക് പ്രകാരം രണ്ട് ലക്ഷം പേര്‍ മരണപ്പെടുകയും 16.6 ലക്ഷമാളുകള്‍ എച്ച്.ഐ.വി ബാധിതരുമാണ്. ഇതില്‍ 6.1 ലക്ഷം പേര്‍ക്ക്മാത്രമാണ് ചികിത്സ ലഭിച്ചത്. ഇന്ത്യയില്‍ 7.3 കോടി ആളുകള്‍ ലഹരിക്ക് അടിമകളാണ്, പത്ത് വര്‍ഷം കൊണ്ട് ദേശീയ തലത്തില്‍ 25246 പേരാണ് മരണപ്പെട്ടത്. ദിനം പ്രതി ഒന്ന് എന്ന കണക്കില്‍ മാസം 211 പേര്‍ ലഹരി ഉപയോഗത്താല്‍ മരണപ്പെടുന്നതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജേക്കബ് ജോണ്‍ അറിയിച്ചു. ലോകത്ത് ലഹരി വസ്തുക്കളുടെ വിപണത്തില്‍ അമ്പത് കോടി ഡോളര്‍ രൂപയുടെ വ്യാപാരമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തില്‍ ലഹരി വസ്തുകളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാറില്‍ ഡി.ഇ.ഒ(ഇന്‍ ചാര്‍ജ്) സി.വി. അനിത മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ എ്ക്സൈസ് ഇന്‍സ്പെക്ടര്‍ പി.അനൂപ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മൂകാഭിനയ മത്സരത്തില്‍ ജി.എച്ച്.എസ്.എസ്.കണ്ണാടി, ജി.എച്ച്.എസ്.എസ് വട്ടേക്കാട്, ജി.എച്ച്.എസ്.എസ്. എരുമയൂര്‍ എന്നീ സ്കൂളുകള്‍ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ നേടി. സര്‍ക്കാറിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് സംഘടിപ്പിച്ച നറുക്കെടുപ്പില്‍ വിജയിച്ച പി. ശ്രീലക്ഷ്മി, കെ. സുരേഷ് കുമാര്‍, വി. ശിവദാസന്‍ എന്നിവര്‍ക്ക് പി.ഉണ്ണി എം.എല്‍.എ. സമ്മാനം വിതരണം ചെയ്തു. പരിപാടിയില്‍ അസി.എക്സൈസ് കമ്മീഷണര്‍ വി.രാജാസിംഗ്, കെ.എസ്.ഇ.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.കെ ശിവാനന്ദന്‍, കെ.എസ്.ഇ.എസ്.എ പ്രസിഡന്‍റ എന്‍. സന്തോഷ് എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ (3)- എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ലഹരി വര്‍ജന ബോധവത്കരണ സെമിനാര്‍ പി.ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
- Log in to post comments