Skip to main content

വാമനപുരം മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകളിലെ ബഹുനിലമന്ദിരങ്ങളുടെ ഉദ്ഘാടനം ഇന്ന് (ജനുവരി 10)

സംസ്ഥാനസർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വാമനപുരം നിയോജകമണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ നിർമിച്ച ബഹുനിലമന്ദിരങ്ങളുടെ ഉദ്ഘാടനവും വിവിധ സ്‌കൂളുകൾക്കനുവദിച്ച ബസുകളുടെ ഫ്‌ളാഗ് ഓഫും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഇന്ന് നിർവഹിക്കും. രാവിലെ 10ന് മിതൃമ്മല ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലേയും മിതൃമ്മല ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലേയും ബഹുനില മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്യും. വാമനപുരം എം.എൽ.എ ഡി.കെ മുരളിയുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും മണ്ഡലത്തിലെ 11 സ്‌കൂളുകൾക്കായി അനുവദിച്ച ബസുകളുടെ ഫ്‌ളാഗ് ഓഫും ചടങ്ങിൽ മന്ത്രി നിർവഹിക്കും. ബസുകൾ വാങ്ങുന്നതിനായി 1.65 കോടി രൂപയാണ് ആസ്തിവികസന പദ്ധതിയിൽ നിന്ന് അനുവദിച്ചത്.

രാവിലെ 11.30ന് കൊല്ലായിൽ ഗവ. എൽ.പി.എസ് ലെ ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ കെട്ടിടം നിർമിച്ചത്. 2018-19ലെ സർക്കാരിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർമിച്ച കെട്ടിടത്തിനായി 1.49 കോടി രൂപയാണ് ചെലവായത്. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടും എസ്.എസ്.കെ ഫണ്ടും ചേർത്ത് ഒരു കോടി അമ്പത്തിരണ്ടായിരം രൂപയാണ് ഗവ. എൽ.പി.എസ് കൊല്ലായിലെ ബഹുനിലമന്ദിരത്തിന്റെ നിർമാണ ചെലവ്.

ഡി. കെ മുരളി എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എം.പിയാണ് മുഖ്യാതിഥി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാർ, വിവിധ ജനപ്രതിനിധികൾ, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സ്‌കൂൾ പ്രഥമാധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവരും പങ്കെടുക്കും.

date