Skip to main content
ഫോട്ടോ അടിക്കുറിപ്പ്: ശബരിമല -

മകരവിളക്ക് ഉത്സവം: മുന്നൊരുക്കങ്ങള്‍ തൃപ്തികരം- ജില്ലാ കളക്ടര്‍

മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ തൃപ്തികരമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. മകരജ്യോതി ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തീര്‍ഥാടനം ഉറപ്പുവരുത്തിയിട്ടുള്ളത്. ഈ വര്‍ഷം ശബരിമല തീര്‍ഥാടനത്തിന് ഇതുവരെ 15,52,227 പേര്‍ എത്തിയിട്ടുണ്ട്. കാനനപാതയിലൂടെ മാത്രം 18,375 പേര്‍ സന്നിധാനത്തെത്തി.  തീര്‍ഥാടകരുടെ വര്‍ധനവ് കണക്കിലെടുത്ത് കാനനപാത വഴിയുള്ള തീര്‍ഥാടന സമയം പുന:ക്രമീകരിച്ചിട്ടുണ്ട്. എരുമേലി കോയിക്കല്‍ വഴി രാവിലെ 5:30 മുതല്‍ ഉച്ചക്ക് 1.30 വരെയും അഴുത, മുക്കുഴി കാനനപാതകളിലൂടെ രാവിലെ ഏഴു മുതല്‍ വൈകിട്ട് മൂന്നു വരെയുമാണ് തീര്‍ഥാടകരെ കയറ്റി വിടുക.
പോലീസ് സുരക്ഷ ഉറപ്പാക്കും. മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. മകരജ്യോതി ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കും. പണ്ടിത്താവളത്തില്‍ പുതുതായി 240 ടോയ്ലറ്റുകള്‍ സ്ഥാപിക്കും. ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നത് 13 ന് പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കും. കെഎസ്ആര്‍ടിസി അധിക ബസ് സര്‍വീസുകള്‍ നടത്തും. 300 ബസുകള്‍ ചെയിന്‍ സര്‍വീസും 400 ബസുകള്‍ ദീര്‍ഘദൂര സര്‍വീസും നടത്തും. ജ്യോതി ദര്‍ശിക്കുന്ന ഒന്‍പതു സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് ആംബുലന്‍സ് സൗകര്യം ഒരുക്കും. ഫയര്‍ഫോഴ്സ് 124 ഉദ്യോഗസ്ഥരെ അധികമായി നിയമിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളും ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ശബരിമല എഡിഎം അര്‍ജുന്‍പാണ്ഡ്യന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date