Skip to main content

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍

ജില്ലയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഴുവനാളുകളും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, കൂട്ടം ചേരലുകള്‍ ഒഴിവാക്കുക, അടച്ചിട്ടതും വായു സഞ്ചാരം കുറഞ്ഞതുമായ ഹാളുകളിലും മുറികളിലുമുള്ള യോഗങ്ങള്‍ ഒഴിവാക്കുക, വിവാഹം, മരണാനന്തര കര്‍മങ്ങള്‍ എന്നിവയ്ക്ക് 50 പേരില്‍ കൂടാതിരിക്കുക തുടങ്ങിയ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും യോഗങ്ങളും ചടങ്ങുകളും , സാമൂഹ്യ , രാഷ്ട്രീയ , സംസ്‌കാരിക സാമൂദായിക പൊതുപരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം. യോഗങ്ങള്‍ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് സാമൂഹിക അകലം പാലിച്ചും മറ്റ് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചും മാത്രമേ നടത്താവൂ. ഇക്കാര്യം സംഘാടകര്‍ ഉറപ്പ് വരുത്തണം. അടച്ചിട്ട മുറിയില്‍ വായു സഞ്ചാരം ഉറപ്പാക്കി മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടുള്ളൂ. ഓഫീസുകളിലെയും  സ്ഥാപനങ്ങളിലെയും  ജീവനക്കാരും കോളജുകളിലെയും സ്‌കൂളുകളിലെയും അധ്യാപകരും മറ്റുള്ളവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

15 മുതല്‍ 18 വരെ പ്രായമുള്ളവരില്‍ 64504 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

ജില്ലയില്‍ 15നും 18നും ഇടയില്‍ പ്രായമുള്ള 64504 പേര്‍ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. ഈ പ്രായ പരിധിയില്‍ 176496 പേര്‍ ഇനിയും വാക്സിന്‍ സ്വീകരിക്കാനുണ്ടെന്നും അതിനായി ജില്ലയിലെ സാമൂഹ്യ രാഷ്ട്രീയ, സന്നദ്ധ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥി യുവജന സംഘടന പ്രവര്‍ത്തകരും കൂട്ടായ പരിശ്രമം നടത്തണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. രണ്ടാം ഡോസ് എടുക്കേണ്ട സമയമായിട്ടും വാക്സിന്‍ സ്വീകരിക്കാത്ത  327702 പേര്‍ ജില്ലയിലുണ്ട്. ഒന്നാം ഡോസ് വാക്‌സിനേഷന്‍ 100 ശതമാനമായപ്പോള്‍ രണ്ടാം ഡോസ് 79 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ രോഗം വരാനും രോഗം ഗുരുതരമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കുറവാണ്.
രണ്ട്  ഡോസ് വാക്‌സിന്‍ സ്വീകരിച്ച കോവിഡ് 19 രോഗികള്‍ക്ക് മാത്രമേ സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കുകയുള്ളൂ. വിവിധ കാരണങ്ങളാല്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്തവര്‍, രണ്ടാം ഡോസ് വാക്‌സിനെടുക്കാനുള്ളവര്‍, 15 - 18 പ്രായമുള്ളവര്‍ , കരുതല്‍ ഡോസ് എടുക്കാനുള്ളവര്‍ എന്നിവര്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വാക്‌സിന്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

വാക്സിന്‍ സ്വീകരിച്ചാലും മുന്‍കരുതലില്‍ ഇളവില്ല

കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു എന്ന കാരണത്താല്‍ മുന്‍കരുതലില്‍ അലംഭാവം പാടില്ലെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ മുന്നറിയിപ്പ് നല്‍കി. മാസ്‌ക് ശരിയായ വിധം ഉപയോഗിക്കുക, ശാരീരിക അകലം പാലിക്കുക , കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുക തുടങ്ങിയ കാര്യങ്ങളില്‍ യാതൊരു അലംഭാവവും കാട്ടരുതെന്ന് ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

കോവിഡ് 19: ജില്ലയില്‍ 449 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.35 ശതമാനം

ജില്ലയില്‍ ബുധനാഴ്ച (ജനുവരി 12ന് ) 449 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 7.35  ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗബാധിതരില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ആകെ 6106 സാമ്പിളുകളാണ് പരിശോധിച്ചത്. 436 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത ഏഴ് കേസുകളുണ്ട്. നാല് പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253
 

date