Skip to main content

സംസ്ഥാനത്തെ ഇലക്ട്രോണിക്‌സ് ഹബ്ബാക്കും-മന്ത്രി പി. രാജീവ്

 

 

ആലപ്പുഴ: കെല്‍ട്രോണിനെ കേന്ദ്രീകരിച്ച് സംസ്ഥാനത്തെ ഇലക്ട്രോണിക്സ് ഹബ്ബാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. എന്‍.പി.ഒ.എല്‍. സാങ്കേതിക വിദ്യയില്‍ കെല്‍ട്രോണ്‍ തദ്ദേശീയമായി നിര്‍മിച്ച സമുദ്രാന്തര മിസൈല്‍ പ്രതിരോധ സംവിധാനമായ മാരീച് അറെയുടെ കൈമാറ്റച്ചടങ്ങ് അരൂരിലെ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഊര്‍ജ്ജിത നടപടികളുടെ ഭാഗമായി കെല്‍ട്രോണ്‍ ഉള്‍പ്പെടെയുള്ള വിവിധ കമ്പനികളുടെ മാസ്റ്റര്‍ പ്ലാനുകള്‍ പരിശോധിച്ച് സമയബന്ധിതമായി തുടര്‍നടപടികള്‍ സ്വീകരിക്കും. എന്‍.പി.ഒ.എലും, കെല്‍ട്രോണും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ചെറുകിട എം.എസ്.എം.ഇ. കമ്പനികള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നത് സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് ഉപകരിക്കും. അരൂര്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രാക്കിനെ മികച്ച സാങ്കേതിക പരിശീലന സ്ഥാപനമായി മാറ്റുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

മാരീച് അറെയുടെ ചെറു മാതൃക കെല്‍ട്രോണ്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എന്‍. നാരായണ മൂര്‍ത്തി എന്‍.പി.ഒ.എല്‍ ഡയറക്ടര്‍ എസ്. വിജയന്‍ പിള്ളയ്ക്ക് ചടങ്ങില്‍ കൈമാറി. എ.എം ആരിഫ് എം.പി, ദലീമ ജോജോ എം.എല്‍.എ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, വൈസ് പ്രസിഡന്റ് ആര്‍. ജീവന്‍, ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശന്‍, അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു, കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സുനിൽ തുടങ്ങിയവര്‍ പങ്കെടുത്തു.

കപ്പലുകളെ തകര്‍ക്കുന്ന ബോംബുകളെ കണ്ടെത്താനും വഴിതിരിച്ചുവിടാനും കഴിവുള്ള അഡ്വാന്‍സ്ഡ് ടോര്‍പ്പിഡോ ഡിഫന്‍സ് സിസ്റ്റം (എ.ടി.ഡി.എസ്.) ആണ് മാരീച്. എന്‍.പി.ഒ.എല്‍ വികസിപ്പിച്ച സാങ്കേതികവിദ്യ ഗുണമേന്മയോടെ ഉല്‍പ്പന്ന രൂപത്തിലാക്കിയത് കെല്‍ട്രോണ്‍ കണ്‍ട്രോള്‍സാണ്. മാരീച് റഫറല്‍ സംവിധാനത്തിന്റെ അത്യാധുനിക സെന്‍സറുകള്‍ നിര്‍മ്മിച്ചത് കുറ്റിപ്പുറത്തെ കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡാണ്.

കഴിഞ്ഞ 25 വര്‍ഷങ്ങളായി ഇന്ത്യന്‍ പ്രതിരോധ മേഖലക്കായി വിവിധ ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.

date