Skip to main content

ബ്ലോക്കുകളിലെ വെറ്ററിനറി ആംബുലന്‍സ് പദ്ധതി  രണ്ടു മാസത്തിനുള്ളില്‍ -മന്ത്രി ജെ. ചിഞ്ചുറാണി 

ആലപ്പുഴ: സംസ്ഥാനത്തെ എല്ലാം ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ടു മാസത്തിനുള്ളില്‍ വെറ്ററിനറി ആംബുലന്‍സ് സേവനം ആരംഭിക്കുമെന്ന് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.  പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തുതല ക്ഷീരസംഗമം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

എല്ലാ ബ്ലോക്ക്‌ പഞ്ചായത്തുകളിലും രാത്രികാലങ്ങളിലും വെറ്റിനറി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിന്  നടപടികൾ സ്വീകരിച്ചു വരികയാണ്. ക്ഷീര മേഖലയിലെ ഉത്പാദനച്ചെലവ് കുറയ്ക്കുന്നതിന് കേരള ഫീഡ്സിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് തീറ്റ ഉത്പാദനം വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. 

അരൂര്‍ ട്രിനിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ദലീമ ജോജോ എം.എൽ.എ അധ്യക്ഷത വഹിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗീത ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ രാഖി ആന്‍റണി, കവിത ഷാജി, എച്ച്. ബിനീഷ്,   ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആർ. ജീവൻ, അരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.പി ബിജു, ക്ഷീര വികസന ഓഫീസർ എസ്. കീർത്തി, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

ചടങ്ങിനോടനുബന്ധിച്ച് ക്ഷീരവികസന സെമിനാർ, ഡയറി ക്ലബ് ഉദ്ഘാടനം, ക്ഷീരകർഷകരെ ആദരിക്കൽ, ക്ഷീരസംഘങ്ങൾക്കുള്ള അവാർഡ് വിതരണം, എക്സിബിഷൻ, ഡയറി ക്വിസ് തുടങ്ങിയ പരിപാടികളും നടന്നു.

date