Skip to main content

പത്തനംതിട്ട ജില്ലയ്ക്ക് അടുത്തുള്ള സ്റ്റേഷന്‍ ചെങ്ങന്നൂരില്‍; കൊല്ലത്തേക്ക് 22 മിനിറ്റ്, തിരുവനന്തപുരത്തേക്ക് 46 മിനിറ്റ് മാത്രം

സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈനിന്റെ 22 കിലോമീറ്ററാണ് പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുക. പത്തനംതിട്ട ജില്ലയ്ക്ക് അടുത്തുള്ള സ്റ്റേഷന്‍ ചെങ്ങന്നൂരിലായിരിക്കും. നിലവിലെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും 4.3 കിലോമീറ്റര്‍ അകലത്തില്‍ എംസി റോഡിനു സമീപം ആധുനിക സൗകര്യങ്ങളോടെയാണ് കെ-റെയില്‍ സ്റ്റേഷന്‍ സമുച്ചയം സജ്ജമാക്കുക.ഇവിടെനിന്നും 22 മിനിറ്റില്‍ കൊല്ലത്തും, 46 മിനിറ്റില്‍ തിരുവനന്തപുരത്തും 39 മിനിറ്റില്‍ എറണാകുളത്തും 49 മിനിറ്റില്‍ നെടുമ്പാശേരി വിമാനത്താവളത്തിലും എത്താനാകും. കോഴിക്കോടിന് 1.54 മണിക്കൂറും കാസര്‍കോടിന് 3.08 മണിക്കൂറും മതിയാകും.  കിലോമീറ്ററിന് 2.75 രൂപയാണ് നിരക്ക്.ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്നും  പത്തനംതിട്ട ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ-വാഹന കണക്ടിവിറ്റിയും ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തി യാത്രാ ക്രമീകരണവും ഉണ്ടാകും. ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക യാത്രാസൗകര്യങ്ങള്‍ ഒരുക്കും. വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് സംവിധാനമുണ്ടാകും.തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി രാജ്യാന്തര വിമാനത്താവളം, തൃശൂര്‍, തിരൂര്‍,  കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവയാണ് സ്റ്റേഷനുകള്‍. ആകെ  529.45 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. മണിക്കൂറില്‍ 200 കിലോമീറ്ററാണ് സില്‍വര്‍ ലൈന്‍ പാതയുടെ പ്രവര്‍ത്തന വേഗത.

 

date