Skip to main content

112 തീരദേശറോഡുകള്‍ ഇന്ന് നാടിന് സമര്‍പ്പിച്ചു.

 

തീരദേശത്തെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നിര്‍മിച്ച 112 തീരദേശ റോഡുകള്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്ന് ഓണ്‍ലൈന്‍  ഉദ്ഘാടനത്തിലൂടെ നാടിന് സമര്‍പ്പിച്ചു. പത്ത് ജില്ലകളിലെ 36 നിയോജക മണ്ഡലങ്ങളിലായാണ് ഈ റോഡുകള്‍ നിര്‍മിച്ചത്. ആകെ 62.7 കിലോമീറ്റര്‍ നീളം വരുന്ന റോഡുകള്‍ 44.40 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചിട്ടുളളത്.  
  തീരദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയെന്നു മന്ത്രി പറഞ്ഞു.  പദ്ധതിയുടെ ഭാഗമായി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 803 കോടി രൂപ അടങ്കല്‍ വരുന്ന 1,850 റോഡുകള്‍ നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കുകയും 1,205 റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഖി, പ്രളയം, ചുഴലിക്കാറ്റ്, കോവിഡ് മഹാമാരി എന്നിവ കാരണം ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുന്ന തീരദേശ ജനതയുടെ സമഗ്ര വികസനത്തിനും ഉന്നതിക്കുമായി ദീര്‍ഘവീക്ഷണത്തോടെയുളള വിവിധ പദ്ധതികളും ഇടപെടലുകളുമാണ് സര്‍ക്കാര്‍ നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.

date