Skip to main content

കെ-റെയില്‍; വസ്തുതകള്‍ അറിഞ്ഞ് പിന്തുണയറിച്ച് ജനങ്ങള്‍

 

സംശയങ്ങളും ആശങ്കകളും ഒന്നൊന്നായി ദുരീകരിക്കപ്പെട്ടപ്പോള്‍ ഭാവി തലമുറകള്‍ക്കു വേണ്ടിയുള്ള വികസന പദ്ധതിക്ക് പിന്തുണയറിയിച്ച് ജനം. ആലപ്പുഴ എസ്.ഡി.വി സെന്റിനറി ഓഡിറ്റോറിയത്തില്‍ നടന്ന ജനസമക്ഷം കെ-റെയില്‍ പരിപാടിയിലാണ് വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ പദ്ധതി നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് വിലയിരുത്തിയത്.

ആലപ്പുഴ ജില്ലയിലും സംസ്ഥാനത്ത് പൊതുവിലും ഗതാഗതമേഖലയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പദ്ധതി ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയാണ് അവര്‍ പങ്കുവച്ചത്. പദ്ധതിയുടെ സാങ്കേതിക കാര്യങ്ങള്‍, പരിസ്ഥിതി പ്രത്യാഘാതം, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട സംശങ്ങള്‍ക്ക് മന്ത്രി സജി ചെറിയാനും കെ-റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത്കുമാറും മറുപടി നല്‍കി.

അധ്യക്ഷ പ്രസംഗത്തിനും ഉദ്ഘാടനത്തിനും പദ്ധതി വിശദീകരണത്തിനും ശേഷമായിരുന്നു ചോദ്യോത്തര വേള. നിര്‍ദ്ദിഷ്ഠ റെയില്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്ന രീതിയില്‍ ഇപ്പോള്‍ നടന്നുവരുന്ന പല പ്രചാരണങ്ങളും വാസ്തവ വിരുദ്ധമാണെന്ന് യോഗത്തില്‍ വിശദമാക്കപ്പെട്ടു.

ടൂറിസം, ഐടി തുടങ്ങിയ മേഖലകളില്‍ വിപുലമായ വികസനത്തിന് വഴിയൊരുക്കുന്ന പദ്ധതി ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശം സദസില്‍ നിന്നുണ്ടായി.

പൊതുജനങ്ങളെ പൊതുഗതാഗതത്തിലേക്ക് പരമാവധി ആകര്‍ഷിക്കാനുതകുന്ന തരത്തിലാണ് കെ- റെയില്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് ചോദ്യത്തിന് മറുപടിയായി മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. സ്റ്റേഷനുകളില്‍ നിന്നും മറ്റു പ്രധാന സ്ഥലങ്ങളിലേക്കുള്ള യാത്രസൗകര്യവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് കണക്ടിവിറ്റി സര്‍വീസും പരിഗണനയിലാണ്.

പദ്ധതി നിര്‍മാണത്തിനായി പരിസ്ഥിതിക്ക് ദോഷകരമാകാത്ത രീതിയില്‍ മാത്രമേ കേരളത്തില്‍നിന്ന് നിര്‍മാണ സാമഗ്രികള്‍ സംഭരിക്കുകയുള്ളൂ. ശേഷിക്കുന്ന സാമഗ്രികള്‍ക്കായി അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കും.

ദേശീയ പാതയ്ക്ക് വേണ്ടിവരുന്നതിന്റെ പകുതി സാമഗ്രികള്‍ ഉപയോഗിച്ച് കെ-റെയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാകും. നിര്‍മാണശേഷം ദേശീയ പാതയുടേതിന് സമാനമായ രീതിയില്‍ പിന്നീട് പുനര്‍നിര്‍മാണ ജോലികള്‍ വേണ്ടിവരില്ലെന്ന പ്രത്യേകതയുമുണ്ട്.

ചരക്ക് നീക്കത്തിന് ഉപകരിക്കുന്ന രീതിയില്‍ ലോറികളും കാറുകളും കയറ്റിക്കൊണ്ടുപോകാന്‍ കഴിയുന്ന റോറോ (റോള്‍ ഓണ്‍ റോള്‍) സര്‍വീസ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. നിലവില്‍ അഞ്ച് സ്റ്റേഷനുകളില്‍ (തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, എറണാകുളം, കാസര്‍ഗോഡ്) ഈ സംവിധാനം നടപ്പാക്കാനാണ് തീരുമാനം.

കെ-റെയില്‍ പദ്ധതി നടപ്പിലാക്കുന്നതു കൊണ്ട് ഇന്ത്യന്‍ റെയില്‍വേ കേരളവുമായി ബന്ധപ്പെട്ട മറ്റു പദ്ധതികളില്‍ നിന്ന് പിന്നോട്ടു പോകില്ല. എല്ലാ വര്‍ഷവും റെയില്‍വേ ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കായി തുക വകയിരുത്തുന്നുണ്ട്.

നിലവില്‍ അമ്പലപ്പുുഴ മുതല്‍ എറണാകുളം വരെയുള്ള റെയില്‍ പാതക്ക് അനുമതിയായിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിന് തുക അനുവദിച്ച് നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

കെ- റെയിലിനായി നൂറനാട് പഞ്ചായത്തിൽ കണ്ടെത്തിയിരിക്കുന്ന സ്ഥലംമാറ്റി വയൽ പ്രദേശങ്ങളിൽ പാലം സ്ഥാപിച്ച് നടപ്പാക്കിയാൽ വീടുകള്‍ നഷ്ടമാകുന്ന പ്രശ്നം പരിഹരിക്കാനാകുമെന്ന നിര്‍ദേശവും ഉയര്‍ന്നു.

ഈ ആശങ്ക പരിഹരിക്കാനായി പഠനം നടത്തുന്നത് പരിശോധിക്കാവുന്നതാണെന്നും എന്നാല്‍, ഒരു പ്രത്യേക സ്ഥലത്തെ രൂപരേഖയില്‍ മാറ്റം വരുത്തുമ്പോള്‍ പൊതുവായ രൂപരേഖയില്‍ വലിയ മാറ്റമുണ്ടാകുന്ന പക്ഷം നടപ്പിലാക്കുന്നതിന് ബുദ്ധിമുട്ടുകളുണ്ടാകുമെന്നും കെ-റെയില്‍ എം.ഡി പറഞ്ഞു. എങ്കിലും നൂറനാട് മേഖലയിലെ രൂപരേഖ പുനഃപരിശോധിച്ചശേഷമേ അന്തിമ തീരുമാനമെടുക്കൂ.

ചെങ്ങന്നൂരിലെ നിര്‍ദിഷ്ഠ കെ- റെയില്‍ സ്റ്റേഷനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതും പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ജമാല്‍ പള്ളാത്തുരുത്തി, രവികുമാരന്‍ പിള്ള, അജയകുമാര്‍ (നൂറനാട്), രാമഭദ്രന്‍(കായംകുളം), ടോമി പുലിക്കാട്ടില്‍, നസീര്‍ (അമ്പലപ്പുഴ), ശ്രീനിവാസന്‍ (വെണ്‍മണി), ശ്രീകുമാര്‍ (വെണ്‍മണി), ബീന ചിറമ്മേല്‍, പ്രേം പ്രേമാനന്ദ് എന്നിവരാണ് ചോദ്യോത്തര വേളയില്‍ സംസാരിച്ചത്.

date