Skip to main content

സാക്ഷരതാ മിഷന്‍ ഡിജിറ്റല്‍ സാക്ഷരതാ പരിപാടി തുടങ്ങുന്നു

ആലപ്പുഴ: സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സാക്ഷരതാ പരിപാടി നടപ്പാക്കുമെന്ന് ജില്ലാ സാക്ഷരതാ സമിതി ചെയർ പേഴ്സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അറിയിച്ചു. 

സർക്കാരിന്റെ നിരവധി സേവനങ്ങൾ ഓൺലൈനില്‍ ലഭ്യമാകുന്ന സാഹചര്യത്തിൽ ഡിജിറ്റൽ സാക്ഷരത നേടുന്നത് സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാകും. ആദ്യഘട്ടത്തില്‍ തുല്യതാ പഠിതാക്കളെയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തുക. 

തുല്യതാ പഠിതാക്കൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് പ്രത്യേക പരിശീലന പരിപാടിയും സാക്ഷരതാ മിഷൻ ആവിഷ്കരിച്ചിട്ടുണ്ട്. ജോബ് സ്കിൽ അക്വിസിഷൻ പ്രോഗ്രാം ജില്ലയില്‍ ഒരു പഞ്ചായത്തിലാകും ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക. 

ഭരണഘടനാ സാക്ഷരതാ പരിപാടി തുടരാനും വികസനവും പരിസ്ഥിതിയും എന്ന വിഷയത്തിൽ ബോധവത്കരണ പരിപാടികൾ നടത്താനും സാക്ഷരതാ മിഷൻ തീരുമാനിച്ചു. പത്താംതരം, ഹയർ സെക്കന്‍ഡറി തുല്യതാ കോഴ്സുകളുടെ സമ്പർക്ക പഠന ക്ലാസുകൾ ഓഫ് ലൈനായി നടത്തുന്നതിന് സർക്കാർ അനുമതി ലഭിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

date