Skip to main content

കോവിഡ് വ്യാപനം കൂടുന്നു; കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ് 

 

ആലപ്പുഴ: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുനാ വര്‍ഗീസ് നിര്‍ദേശിച്ചു.

വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം.

♦️വായു സഞ്ചാരമുള്ള മുറിയില്‍ കഴിയുക. കൃത്യസമയത്ത് ആഹാരം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം.

♦️ഡോക്ടര്‍മാരോ ആരോഗ്യ പ്രവര്‍ത്തകരോ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുക. സ്വയം ചികിത്സ പാടില്ല.  മറ്റ് രോഗങ്ങള്‍ക്ക് കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ തുടരുക.

♦️ഒരു ദിവസം കൃത്യമായ ഇടവേളകളില്‍ നാലു നേരം പാരാസെറ്റമോള്‍ കഴിച്ചിട്ടും ശരീരോഷ്മാവ് നിയന്ത്രണ വിധേയമാകുന്നില്ലെങ്കില്‍ ഡോക്ടറെ വിവരമറിയിക്കുക. 

♦️മൂന്നു ദിവസത്തിലധികം ശരീരോഷ്മാവ് 100ന് മുകളില്‍ തുടരുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഒരു മണിക്കൂറിനുള്ളില്‍ മൂന്നു തവണ ഓക്സിജന്‍ സാച്ചുറേഷന്‍ 93 ശതമാനത്തില്‍ കുറഞ്ഞു നില്‍ക്കുക, നെഞ്ചുവേദന, നെഞ്ചില്‍ ഭാരം, ആശയക്കുഴപ്പം, കഠിനമായ ക്ഷീണം എന്നിവ അനുഭവപ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ആശുപത്രിയിലേക്ക് മാറണം. 

♦️പോസിറ്റീവായി ഏഴു ദിവസം കഴിഞ്ഞവര്‍ക്ക് തുടര്‍ച്ചയായ അവസാനത്തെ മൂന്നു ദിവസം പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലെങ്കില്‍      ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ഐസൊലേഷന്‍ അവസാനിപ്പിക്കാം.

♦️ഹോം ഐസൊലേഷന്‍ കഴിഞ്ഞവര്‍ വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ല. തുടര്‍ന്നും രോഗപ്രതിരോധത്തിനായി മാസ്ക് ധരിക്കുകയും കൈകള്‍ അണുവിമുക്തമാക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.

date