Skip to main content

ജില്ലയില്‍ എക്‌സൈസ് പരിശോധന ശക്തം

 

രണ്ടു മാസത്തിനിടെ പിടികൂടിയത് 27.70 കിലോ 
കഞ്ചാവ്, 10.28 കിലോ ഹാഷിഷ് ഓയില്‍

എക്‌സൈസ് വകുപ്പ് രണ്ടു മാസത്തിനിടെ ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ പിടികൂടിയത് 10.28 കിലോ ഹാഷിഷ് ഓയിലും 27.70 കിലോ കഞ്ചാവും. ഇക്കാലയളവില്‍ 128 കേസാണ് രജിസ്റ്റര്‍ ചെയ്തത്. 17,25,892 രൂപ പിഴയീടാക്കി. 

മണ്ണന്തലയിലെ സ്വകാര്യ ഹോട്ടലിനു സമീപത്തുനിന്നാണ് ഒരു കോടി രൂപയോളം വിലമതിക്കുന്ന 10.28 കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലാവുകയും മൂന്നു വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 534 ലഹരി ഗുളികകളും 2,337 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും 22 കഞ്ചാവ് ചെടികളും 19 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ മദ്യവും 33.42 ലിറ്റര്‍ അനധികൃത മദ്യവും രണ്ടുമാസത്തിനിടെ പിടികൂടിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജി. മുരളീധരന്‍ നായര്‍ പറഞ്ഞു. ലഹരി വസ്തുക്കള്‍ കടത്തുന്നതിന് ഉപയോഗിച്ച 26 വാഹനങ്ങള്‍ പിടിച്ചെടുത്തു. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് 1,611 കേസും 76 അബ്കാരി കേസും രജിസ്റ്റര്‍ ചെയ്തു. 

വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഷാഡോ സംഘം സ്‌കൂള്‍, കോളജ് പരിസരത്ത് നിരീക്ഷണം നടത്തുന്നുണ്ട്. പരിശോധന വിപുലപ്പെടുത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

(പി.ആര്‍.പി 1756/2018)

date