Skip to main content

ഇന്നലെ (ജനുവരി 27) സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം കാർഡുടമകൾ വ്യാഴാഴ്ച റേഷൻ വിഹിതം കൈപ്പറ്റി: മന്ത്രി ജി.ആർ അനിൽ

സംസ്ഥാനത്തെ റേഷൻ വിതരണം തകരാറിലായി എന്നത് വ്യാജ പ്രചരമാണെന്നും വ്യാഴാഴ്ച ഏഴു ലക്ഷത്തിലധികം കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റിയെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ജനുവരി 13 മുതൽ നടപ്പിലാക്കിയിരുന്ന സമയക്രമീകരണം പൂർണ്ണമായി പിൻവലിച്ച് 27 മുതൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകുന്നേരം 3.30 മുതൽ 6.30 വരെയും പ്രവർത്തിക്കുന്നു. റേഷൻ വിതരണത്തിനുള്ള സാങ്കേതിക സംവിധാനങ്ങൾ പൂർണ്ണതോതിൽ പ്രവർത്തിച്ചു വരുന്നതായി നാഷണൽ ഇൻഫർമാറ്റിക്ക് സെന്ററും (എൻ.ഐ.സി) സ്റ്റേറ്റ് ഐ.റ്റി മിഷനും പരിശോധന നടത്തി ഉറപ്പുവരുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഒരു ദിവസം റേഷൻ വിഹിതം കൈപ്പറ്റുന്ന കാർഡ് ഉടമകളുടെ ശരാശരി എണ്ണം 3.5 ലക്ഷത്തിനും നാല് ലക്ഷത്തിനും ഇടയിലാണ്. ഇന്നലെ (ജനുവരി 27) 7,21,341 പേർ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. റേഷൻ കൈപ്പറ്റിയവരുടെ എണ്ണത്തിൽ ഇത് സമീപകാല റെക്കോഡാണ്. റേഷൻ വിതരണത്തിൽ ഇപ്പോഴും പ്രശ്‌നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. റേഷൻ വിതരണത്തിന് തടസ്സമുണ്ടെന്ന തരത്തിലുള്ള പ്രചരണം നടത്തി കാർഡുടമകളെ റേഷൻ വാങ്ങുന്നതിൽ നിന്നും നിരുൽസാഹപ്പെടുത്തുന്ന സമീപനമാണ് ഇവർ സ്വീകരിക്കുന്നത്. ഇത്തരം വ്യാജപ്രചരണങ്ങളിൽ വീണുപോകാതെ എല്ലാ കാർഡുടമകളും റേഷൻ വിഹിതം വാങ്ങണം.
വ്യാഴാഴ്ച റേഷൻ വിഹിതം കൈപ്പറ്റിയവരുടെ എണ്ണം മാത്രം എടുത്താൽത്തന്നെ ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാകും. സംസ്ഥാനത്തെ ഏതെങ്കിലും റേഷൻ കടയിൽ നെറ്റ്‌വർക്ക് സംബന്ധമായ തടസ്സംകൊണ്ട് റെഷൻ വിതരണത്തിൽ വേഗതകുറവ് ഉണ്ടായിട്ടുണ്ടാവാം. എന്നാൽ അത്തരം വിഷയത്തെ പർവ്വതീകരിച്ച് പൊതുവിതരണം മുഴുവൻ തടസ്സപ്പെട്ടിരിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണം ഖേദകരമാണ്. ഇത്തരം പ്രചരണങ്ങൾ ജനങ്ങൾക്കിടയിൽ ആശങ്ക പരത്തുമെന്നതിനാൽ വസ്തുത പരിശോധിച്ച് ഇക്കാര്യത്തിലുള്ള സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ജനുവരി മാസത്തെ റേഷൻ വിഹിതം കൈപ്പറ്റുന്നതിന് മൂന്ന് പ്രവർത്തി ദിവസങ്ങളാണ് അവേശഷിക്കുന്നത്. എല്ലാ കാർഡുടമകളും ഈ ദിവസങ്ങൾ പ്രയോജനപ്പെടുത്തി റേഷൻ വിഹിതം കൈപ്പറ്റണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
പി.എൻ.എക്സ്. 394/2022

 

date