Skip to main content

കോവിഡ് മരണ ധനസഹായം:  അപേക്ഷിക്കുന്നതിനുള്ള  നടപടികള്‍ വേഗത്തിലാക്കണം

  കോവിഡ്മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കു നല്‍കുന്ന എക്‌സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള നടപടികള്‍ ജില്ലയില്‍ വേഗത്തിലാക്കുവാന്‍ തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശം നല്‍കി. എക്‌സ് ഗ്രേഷ്യ ധനസഹായത്തിന് ഇനിയും അപേക്ഷിക്കുവാനുള്ളവര്‍ അടുത്തുള്ള അക്ഷയകേന്ദ്രങ്ങളിലെത്തി അപേക്ഷ നല്‍കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. വില്ലേജ് ഓഫീസര്‍മാര്‍ എല്ലാവിധ സഹായങ്ങള്‍ നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.

    എറണാകുളം ജില്ലയില്‍ 6198 പേരാണ് കോവിഡ്മൂലം മരിച്ചത്. ഇതില്‍ 3900 അപേക്ഷകള്‍ മാത്രമാണ് എക്‌സ് ഗ്രേഷ്യ ധനസഹായത്തിനു ലഭിച്ചത്. അടുത്ത രണ്ടുദിവസത്തനകം 100 ശതമാനം പേരെക്കൊണ്ടും എക്‌സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷ നല്‍കുന്നതിനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.    കൂടുതല്‍ പേരെക്കൊണ്ട് അപേക്ഷിപ്പിക്കുന്നതിന് വാര്‍ഡ് അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ വില്ലേജ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കുവാനും കളക്ടര്‍ നിര്‍ദേശിച്ചു. അപേക്ഷിക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യമായ സഹായം നല്‍കണം. എക്‌സ്‌ഗ്രേഷ്യ ധനസഹായം ആവശ്യം ഇല്ലാത്തവര്‍ ഉണ്ടെങ്കില്‍ അക്കാര്യം അവരില്‍ നിന്ന് എഴുതിവാങ്ങണം.

    ലഭിച്ച അപേക്ഷകളില്‍ ചെറിയ കാര്യങ്ങളുടെ പേരില്‍ അപേക്ഷ മാറ്റിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യരുത്. കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കേണ്ടതില്ല.  പോര്‍ട്ടലില്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നമ്പര്‍ പരിശോധിച്ച് വിവരങ്ങള്‍ കൃത്യമാണോ എന്ന് വില്ലേജ് ഓഫീസര്‍മാര്‍ ഉറപ്പാക്കുക. ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റിനായും നിര്‍ബന്ധിക്കേണ്ടതില്ല. ബന്ധം തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് മതിയാകും. കൂടാതെ വാര്‍ഡ് അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ അനന്തരവകാശികളെകുറിച്ച് വിവരം അറിയാം. 

     എക്‌സ്‌ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കാന്‍ കോവിഡ് മരണം സംഭവിച്ചരുടെ അടുത്ത ബന്ധുക്കളെ നെഹ്‌റു യുവ കേന്ദ്ര വാളന്റിയര്‍മാരുടെ സഹായത്തോടെ അറിയിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.  

date