Skip to main content

ശോശാമ ഐപിനെ ആദരിച്ച് മന്ത്രി

പത്മശ്രീ പുരസ്കാരത്തിന് അർഹയായ ഡോ.ശോശാമ ഐപിനെ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി  പ്രൊഫ.ആര്‍ ബിന്ദു മണ്ണുത്തി ഇന്ദിര നഗറിലുള്ള വീട്ടിലെത്തി  ആദരിച്ചു.ശോശാമ ഐപിന്റെ പുരസ്കാര നേട്ടത്തിലൂടെ ജില്ലയ്ക്ക് അഭിമാനിക്കാമെന്ന് മന്ത്രി പറഞ്ഞു. ഒരു വനിതയ്ക്ക് അക്കാദമിക മേഖലയ്ക്ക് ഗവേഷണാത്മകമായ പ്രവർത്തനങ്ങൾ നടത്തിയതിന് ദേശീയ അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ട്. വെച്ചൂർ പശുക്കളുമായി ടീച്ചർ നടത്തിയ പ്രവർത്തനങ്ങൾ നമ്മുടെ കാലി സമ്പത്തിന് വലിയ രീതിയിലുള്ള സംഭാവനയായി തീർന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു. മന്ത്രിക്കൊപ്പം ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ , മറ്റ് ജനപ്രതിനിധികളും മണ്ണുത്തി ഇന്ദിര നഗറിലെ വീട്ടിലെത്തിയിരുന്നു. നാഷണൽ ഡയറി ഇൻസ്റ്റിറ്റ്യൂട്ടിൽ മൃഗ പ്രജനന ശാസ്ത്രത്തിൽ പി എച്ച് ഡി നേടിയ ശോശാമ്മ ഐപ് കേരള കാർഷിക സർവകലാശാലയിൽ ജനെറ്റിക്സ് ആൻഡ് അനിമൽ ബ്രീഡിംഗ് വകുപ്പ് മേധാവിയായി. ബാല്യകാലത്ത് കുട്ടനാട്ടിൽ പശുക്കളെ കണ്ട് വളർന്ന ശോശാമ്മയാണ് സർവകലാശാലയിലെ വെച്ചൂർ പശു സംരക്ഷണ പദ്ധതിയുടെ ഉപജ്ഞാതാവ്. ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ അനേകം പ്രബന്ധങ്ങൾക്ക് പുറമെ ആനുകാലികങ്ങളിൽ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെച്ചൂർ കൺസർവേഷൻ ട്രസ്റ്റിന്റെ സജീവ പ്രവർത്തക കൂടിയാണ് ഇവർ.

date