Skip to main content

ബൈപാസിലെ അപകട മേഖലകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ കളക്ടറുടെ നിര്‍ദേശം

ആലപ്പുഴ ബൈപാസിലെ അപകടമേഖലകളില്‍ സുരക്ഷയ്ക്കും മുന്നറിയിപ്പിനും അടിയന്തര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍ദേശിച്ചു. ബൈപാസില്‍ ഇരവുകാട്, കൊമ്മാടി, കളര്‍കോട് ജംഗ്ഷന്‍ തുടങ്ങിയ മേഖലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കളക്ടര്‍ ദേശീയപാതാ വിഭാഗത്തിന് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

ബൈപാസില്‍ അമിതവേഗത്തിലെത്തുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിനായി ക്യാമറകള്‍ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ട്. ഇതിനു മുന്‍പുതന്നെ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.  

മാളികമുക്ക്, ഇരവുകാട് എന്നിവിടങ്ങളിലെ വളവുകളുടെ സമീപത്ത് സ്പീഡ് ബ്രേക്കറുകള്‍ സജ്ജീകരിക്കും. ജംഗ്ഷനുകളില്‍ സുഗമമായ ഗതാഗതത്തിന് തടസ്സമാകുന്ന ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കും. കൊമ്മാടിയില്‍നിന്ന് ബൈപാസിലേക്ക് പ്രവേശിക്കുന്നിടത്ത് ഇടതുഭാഗത്തുള്ള സര്‍വീസ് റോഡ് ഉപയോഗക്ഷമമാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. 

എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ.സി ആന്റണി, പൊതുമരാമത്ത് റോഡ് വിഭാഗം, പോലീസ്, നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥര്‍ എന്നിവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

date