Skip to main content

ആസാദി കാ അമൃത് മഹോത്സവ്' ജില്ലാതല പരിപാടി കാറഡുക്കയില്‍ സംഘാടക സമിതി രൂപീകരിച്ചു

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കാടകം സ്വാതന്ത്ര്യ സ്മൃതി ആഘോഷ പരിപാടികളുടെ നടത്തിപ്പിന് ജില്ലാ തല സംഘാടക സമിതി രൂപീകരിച്ചു.  കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓണ്‍ലൈനില്‍ നടത്തിയ സംഘാടക സമിതി രൂപീകരണയോഗം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു ഉദ്ഘാടനം ചെയ്തു. .സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ പ്രാദേശിക സമരങ്ങളുടെ ഗണത്തില്‍ കാടകം വനസത്യാഗ്രഹത്തിന് നിര്‍ണായക സ്ഥാനമാണുള്ളതെന്നും  അത് പുതുതലമുറ തിരിച്ചറിയുന്നതിന് സ്വാതന്ത്ര്യ സ്മൃതി പരിപാടി ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഓര്‍മയ്ക്കായി സംഘടിപ്പിക്കുന്ന  ആസാദി കാ അമൃത് മഹോത്സവ്, ജില്ലയില്‍ പ്രാദേശിക ജന പങ്കാളിത്തത്തോടെ ജനകീയ ഉത്സവമായിട്ടായിരിക്കും ആഘോഷിക്കുക. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് ലഭിച്ചാല്‍ ഉടന്‍  ഘോഷയാത്ര, സാംസ്‌കാരിക പരിപാടികള്‍, പ്രഭാഷണം, ചിത്ര രചനാ, ഫോട്ടോപ്രദര്‍ശനം എന്നിവ ഉള്‍പെടുത്തി വിപുലമായി പരിപാടികള്‍ സംഘടിപ്പിക്കാനാണ് സംഘാടക സമിതി യോഗം തീരുമാനിച്ചത്. ജില്ലയുടെ ചുമതലയുള്ള തുറമുഖം, പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മുഖ്യരക്ഷാധികാരിയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എമാരായ   എ കെ എം അഷറഫ് , എന്‍ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍, എം.രാഗോപാലന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത രണ്‍വീര്‍ ചന്ദ് എന്നിവര്‍ രക്ഷാധികാരികളും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു ചെയര്‍മാനും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ വൈസ് ചെയര്‍മാന്മാരും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ജനറല്‍ കണ്‍വീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. യോഗത്തില്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലും സംബന്ധിച്ച ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ എല്ലാവരും എക്‌സിക്യുട്ടീവ് അംഗങ്ങളാണ്. പ്രോഗ്രാം, സ്വീകരണം, സ്റ്റേജ് ഡക്കറേഷന്‍, ഘോഷയാത്ര എന്നി ഉപസമിതികളും രൂപീകരിച്ചു. വൈസ് പ്രസിഡണ്ട് കെ.രമണി, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സ്മിത പ്രിയ രഞ്ജന്‍, പി.സവിത, ബി.കെ.നാരായണന്‍ എന്നിവര്‍ ഉപസമിതികളുടെ ചെയര്‍പേഴ്‌സണ്‍ മാരാണ്. എന്‍ എ മജീദ്, ദിനേശന്‍, ചന്ദ്രന്‍ എന്നിവര്‍ കണ്‍വീനര്‍മാരാണ്. ഏകോപന ചുമതല പ്രദീപ് ജി എന്‍ നിര്‍വ്വഹിക്കും.
യോഗത്തില്‍വൈസ് പ്രസിഡണ്ട് കെ.രമണി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍മാരായ സ്മിത പ്രിയ രഞ്ജന്‍, പി.സവിത, ബി.കെ.നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കുഞ്ഞമ്പു നമ്പ്യാര്‍, വസന്ത ഗോപാലന്‍, ചനിയനായിക്, സാവിത്രി ബാലന്‍, എന്‍. യശോദ, കെ. നളിനി
എന്നിവരും ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സി.രാജരാമ, വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്‍ ഉദയന്‍ കുണ്ടംകുഴി, ആസൂത്രണ സമിതി അംഗം ഗംഗാധരന്‍ നായര്‍ എന്‍ എ മജീദ് എന്നിവരും സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷാജി എ ജെ നന്ദിയും പറഞ്ഞു.

date