Skip to main content

വെർച്വൽ ഐ.ടി കേഡർ, റീജണൽ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ വെർച്വൽ ഐ.ടി. കേഡറിന്റെയും  കോഴിക്കോട് പണികഴിഞ്ഞ റീജണൽ ഐ.ടി. ട്രെയിനിംഗ് സെന്ററിന്റെയും ഉദ്ഘാടനം ഏഴിന് രാവിലെ 10 ന്  ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനിൽ നിർവഹിക്കും.
വകുപ്പിലെ ഇ-ഗവർണൻസ് പദ്ധതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതുതായി വെർച്വൽ ഐ.ടി കേഡർ രൂപീകരിച്ചത്. ജീവനക്കാർക്കിടയിൽ ഐ.ടി പരിജഞാനവും, അഭിരുചിയുമുള്ളവരെയാണ് വെർച്വൽ ഐ .ടി കേഡറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐ.ടി കേഡറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഐ.ടി. മിഷന്റെ മേൽനോട്ടത്തിൽ കേരളാ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ വിദഗ്ദ്ധ പരിശീലനം നൽകും.
ചരക്ക് സേവന നികുതി വകുപ്പിന്റെ കോഴിക്കോട് നികുതി കോംപ്ലക്‌സിലാണ് പുതിയ റീജണൽ ഐ.ടി. പരിശീലന കേന്ദ്രം പണികഴിപ്പിച്ചിരിക്കുന്നത്. ചരക്ക് സേവന നികുതി വകുപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ പരിശീലന  കേന്ദ്രമാണ് കോഴിക്കോട് സ്ഥാപിച്ചത്. നിലവിൽ തിരുവനന്തപുരത്ത് മാത്രമാണ് പരിശീലന കേന്ദ്രം ഉള്ളത്.  ഇതോടെ വടക്കൻ കേരളത്തിലെ ജീവനക്കാരുടെ പരിശീലനം കോഴിക്കോട് സെന്ററിൽ നടത്താനാകും.
ചടങ്ങിൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ്      അദ്ധ്യക്ഷനായിരിക്കും. നികുതി വകുപ്പ് കമ്മിഷണർ രത്തൻ ഖേൽക്കർ സ്വാഗതം പറയും. നികുതി വകുപ്പ് സ്‌പെഷ്യൽ കമ്മിഷണർ കെ. മുഹമ്മദ് വൈ. സഫിറുള്ള, നികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ എബ്രഹാം റെൻ .എസ്, കേരളാ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ സജി ഗോപിനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
പി.എൻ.എക്സ്. 518/2022

date