Skip to main content

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഉദര - കരള്‍ രോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ കേന്ദ്രം ആരംഭിച്ചു

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഉദര, കരള്‍ രോഗ വിഭാഗത്തിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ കേന്ദ്രം ആരംഭിച്ചു.  ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ   ആദ്യ ഉദര- -കരള്‍രോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ കേന്ദ്രമാണിത്. ആധുനിക എന്‍ഡോസ്‌കോപ്പി സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബ്ലൂ ലൈറ്റ് ഇമേജിങ്, ലിങ്ക്ഡ് കളര്‍ ഇമേജിങ് എന്നീ നൂതന സംവിധാനങ്ങളോടു കൂടിയതാണ്  എന്‍ഡോസ്‌കോപ്പി മെഷീന്‍. ഉദര സംബന്ധമായ കാന്‍സര്‍ നിര്‍ണയം, ബയോപ്‌സിക്കായുള്ള സാംപിള്‍ ശേഖരണം, രക്തം ഛര്‍ദിക്കുന്നവര്‍ക്ക് ഉള്ളിലെ മുറിവ് കെട്ടാനുള്ള സംവിധാനം, വിഴുങ്ങിയ നാണയം പുറത്തെടുക്കല്‍ തുടങ്ങിയവ ഈ മെഷീനിലൂടെ നടത്താനാകും. ഇതിനു പുറമേ കൊളണോസ്‌കോപ്പിയും, ഫൈബ്രോസ്‌കാന്‍ സംവിധാനവും ഇവിടെയുണ്ട്. നിലവില്‍ പകല്‍ മാത്രമാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുക. ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ നസീബ അസീസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗങ്ങളായ വി.കെ.എം.ഷാഫി, ഫൈസല്‍ എടശ്ശേരി, മൂര്‍ക്കത്ത് ഹംസ, എ.പി.സബാഹ്, തിരൂര്‍ നഗരസഭാധ്യക്ഷ എ.പി.നസീമ, ആശുപത്രി സൂപ്രണ്ട് കെ.ആര്‍.ബേബി ലക്ഷ്മി, ഉദര, കരള്‍ രോഗ വിഭാഗം തലവന്‍ ഡോ. എം.മുരളീകൃഷ്ണന്‍ എന്നിവര്‍  സംസാരിച്ചു.

date