Skip to main content

*ഇനി പ്ലാസ്റ്റിക് ഭീതി വേണ്ട,  ഒരുമനയൂരിൽ മെറ്റീരിയൽ കളക്ഷൻ സെന്റർ*

ഒരുമനയൂർ ഗ്രാമപഞ്ചായത്തിന്റെ ദീർഘ നാളത്തെ ആവശ്യമായ മെറ്റീരിയൽ കളക്ഷൻ സെന്റർ (എം.സി.എഫ്) ഒടുവിൽ യാഥാർത്ഥ്യമായി. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വീടുകളിൽ നിന്നും കടകളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനാംഗങ്ങൾ വഴി ശേഖരിക്കും. 
എൻ കെ അക്ബർ എം എൽ എ മെറ്റീരിയൽ കളക്ഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ പഞ്ചായത്ത് ഫലപ്രദമായി ഉപയോഗിക്കണമെന്ന് എം എൽ എ പറഞ്ഞു.  ഒരുമനയൂര്‍ പൊതുശ്മശാനത്തോട് ചേര്‍ന്ന പഴയ കെട്ടിടം പുതുക്കിപ്പണിതാണ് സെന്ററിന്റെ പണി പൂര്‍ത്തീകരിച്ചത്. ശ്മശാനത്തിന്റെ കോമ്പൗണ്ട് വേര്‍തിരിച്ച് പ്രത്യേക റോഡും  കെട്ടിടത്തില്‍ ശൗചാലയം, ഡ്രസിങ്ങ് ഏരിയ എന്നീ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തോട് ചേര്‍ന്ന വാട്ടര്‍ ടാങ്കിലേക്ക് ആവശ്യമായ പ്ലംബിങ്ങ് പണിയും പൂര്‍ത്തീകരിച്ചു. കേന്ദ്ര-സംസ്ഥാന വിഹിതത്തില്‍ നിന്ന് 13.50 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. കേന്ദ്ര ശുചിത്വമിഷന്‍ 8 ലക്ഷം രൂപയും സംസ്ഥാന ശുചിത്വമിഷന്‍ അഞ്ചര ലക്ഷം രൂപയും വകയിരുത്തി.  50,000 രൂപ സി എഫ് സി ഫണ്ടാണ്. പഞ്ചായത്തിനെ മാലിന്യ വിമുക്തമാക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.  ഒരുമനയൂര്‍ പഞ്ചായത്ത് പൊതു ശ്മശാന മൈതാനിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി സി ഷാഹിബാന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി രവീന്ദ്രന്‍ സ്വാഗതവും സെക്രട്ടറി  എ വി അനുപമ നന്ദിയും പറഞ്ഞു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ,  ഹരിത കർമ്മ സേനാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date