Skip to main content

വഴിയോര ജ്യൂസ് കടകളില്‍ പരിശോധന കര്‍ശനമാക്കണം -  ജില്ലാ വികസന സമിതി

 

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സോ അനുമതിയോ ഇല്ലാതെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി  ജില്ലയിലെമ്പാടും പ്രവര്‍ത്തിക്കുന്ന വഴിയോര ജ്യൂസ് കടകളില്‍ പരിശോധന കര്‍ശനമാക്കി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്ന പക്ഷം കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. വീണാജോര്‍ജ് എംഎല്‍എയാണ് ഇതുസംബന്ധിച്ച പരാതി വികസനസമിതിയില്‍ ഉന്നയിച്ചത്. ഇത്തരം ജ്യൂസുകടകളില്‍ നിന്നും പാനീയങ്ങള്‍ കഴിച്ച പലര്‍ക്കും ലഹരിയോട് സാമ്യമുള്ള അനുഭവങ്ങള്‍ ഉണ്ടായതായി വ്യാപകമായ പരാതികള്‍ ലഭിക്കുണ്ട്. സ്‌കൂള്‍ കുട്ടികളാണ് കൂടുതലായി ഇത്തരം ജ്യൂസുകള്‍ വാങ്ങുന്നത്. ഇവരില്‍ പലര്‍ക്കും മദ്യം കഴിച്ചതുപോലെയുള്ള തോന്നലുകള്‍ ഉണ്ടായതായി പറയപ്പെടുന്നു. വഴിയോരങ്ങളിലെ മിക്ക ജ്യൂസ് കടകളിലും വില്‍പ്പനക്കാര്‍ സ്ത്രീകളാണ്. എന്നാല്‍ ഇതിന്റെ ഉടമസ്ഥര്‍ ഇവരല്ല. ചില ഏജന്‍സികള്‍ ജ്യൂസ് തയാറാക്കുന്നതിനുള്ള സാധന സാമഗ്രികള്‍ എത്തിച്ച് വില്‍പ്പനക്കാരായി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ശമ്പളം നല്‍കിയാണ് ഇത് നടത്തുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇത്തരത്തിലുള്ള ജ്യൂസ് കടകളില്‍ പരാതികളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നുവെങ്കിലും സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലായെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ജില്ലയിലെ ഒരു ജ്യൂസ് കടയില്‍ നിന്നും ഇതുവരെ സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തിയിട്ടില്ല എന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ജില്ലയില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജ്യൂസ് കടകളിലും സ്ഥിരമായി പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ച് വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് യോഗം നിര്‍ദേശം നല്‍കി. 

പത്തനംതിട്ട നഗരസഭയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ ഉള്ളതായി വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ഠൗണില്‍ മഴക്കാലമായതോടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നുണ്ട്. നഗരസഭയ്ക്ക് ശരിയായ മാലിന്യസംസ്‌കരണ സംവിധാനമില്ലാത്തതാണ് ഇതിന് കാരണം. നഗരസഭയിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ആദിത്യ വേസ്റ്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയിട്ടുള്ളതായും ഇവര്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നു ണ്ടെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. മാലിന്യസംസ്‌കരണത്തിന് കൂടുതല്‍ കാര്യക്ഷ മമായ നടപടികള്‍ ഉണ്ടാകണമെന്ന് യോഗം സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. 

എംഎല്‍എ ആസ്തിവികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടുള്ള പദ്ധതികള്‍ ആരംഭിക്കുന്നതില്‍ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും എംഎല്‍എ പറഞ്ഞു.

കൂടലില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്ത വിഷയം അടൂര്‍ പ്രകാശ് എംഎല്‍എ യോഗത്തില്‍ ഉന്നയിച്ചു. കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തി ല്‍ സ്ഥലപരിമിതി മൂലം ഈ പദ്ധതി വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഏറെ നാളായിട്ടും ഇക്കാര്യത്തിലും തീരുമാനമായിട്ടില്ല എന്നും അടൂര്‍ പ്രകാശ് എംഎല്‍എ പറഞ്ഞു. 

കൂടലില്‍ എട്ട് വര്‍ഷം മാത്രം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റി മാത്രമേ പുതിയ കെട്ടിടം പണിയാന്‍ കഴിയൂ. എന്നാല്‍ കാലപ്പഴക്കം കുറഞ്ഞ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാലാണ് വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഈ പദ്ധതി മാറ്റുന്നതിന് നേരത്തേ ശുപാര്‍ശ നല്‍കിയിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്    തീരുമാനം എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയാക്കി മാറ്റുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നുള്ള അനുമതി ആവശ്യമാണെന്നും ഡിഎംഒ പറഞ്ഞു. 

കോന്നി സിവില്‍ സര്‍വിസ് അക്കാദമിക്ക് ഭൂമി കൈമാറ്റം ചെയ്യുന്ന വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും നരിയാപുരം സെന്റ് പോള്‍സ് ഹൈസ്‌കൂളിലേക്കുള്ള റോഡിന്റെ ഭാഗത്ത് അപകടങ്ങള്‍ ഉണ്ടാകുന്നതിനാല്‍ മിറര്‍ സ്ഥാപിക്കണമെന്നും അട്ടച്ചാക്ക ല്‍ കുമ്പളാംപൊയ്ക റോഡിന്റെ പണി വേഗത്തിലാക്കണമെന്നും വകയാര്‍- വള്ളിക്കോട്- കൈപ്പട്ടൂര്‍ റോഡിന്റെ പണികള്‍ക്ക് സാങ്കേതികാനുമതി ഉടന്‍ നല്‍കണമെന്നും അടൂര്‍ പ്രകാശ് എംഎല്‍എ ആവശ്യപ്പെട്ടു. 

മല്ലപ്പളളി താലൂക്കിലെ കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണ് നീക്കം ചെയ്യുന്നതിന് ജിയോളജി വകുപ്പ് ഫെബ്രുവരി മാസത്തിന് ശേഷം നിയമം പാലിക്കാതെ നല്‍കിയിട്ടുള്ള പാസുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ജില്ലാ വികസന സമിതിയുടെ മുന്‍തീരുമാന പ്രകാരമുള്ള  തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രതിനിധി അലക്‌സ് കണ്ണമല പറഞ്ഞു. പുതിയ ജിയോളജിസ്റ്റ് വന്നതിന് ശേഷം നല്‍കിയിട്ടുള്ള പെര്‍മിറ്റുകളില്‍ തണ്ണീര്‍തടങ്ങളില്‍ മണ്ണ് നിക്ഷേപിക്കാന്‍ പാടില്ല എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുകയോ മണ്ണ് നീക്കം ചെയ്യുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇത് വ്യാപകമായ ക്രമക്കേടുകള്‍ക്ക് കാരണ മാകുന്നതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര അന്വേഷണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിയോളജി വകുപ്പ് മേധാവിയുടെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ്      പെര്‍മിറ്റില്‍ മാറ്റങ്ങള്‍ വരുത്തിയതെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

ജില്ലയില്‍ വില്‍ക്കുന്ന മത്സ്യത്തില്‍ വ്യാപകമായി മായം കലര്‍ന്നിട്ടുള്ളതായി പരാതികള്‍ ഉണ്ടെന്ന് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു. സ്ഥിരമായി പരിശോധനകള്‍ ഇല്ലാത്തത് നിയമലംഘകര്‍ക്ക് സഹായമാകുന്നു. ജനങ്ങളുടെ ആരോഗ്യത്തെ ഏറെ ദോഷകരമായി ബാധിക്കുന്ന ഇത്തരം കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കളക്ടറേറ്റിനും ജില്ലാ പഞ്ചായത്തിനുമിടയില്‍ അപകടകരമായി നില്‍ക്കുന്ന വാകമരം മുറിച്ചുമാറ്റുന്നതിന് അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യത്തില്‍ ഫോര്‍മാലിന്റെ അംശം പരിശോധിക്കുന്നതിന് ഇപ്പോള്‍ സാമ്പിളെടുത്ത് തിരുവനന്തപുരം ലാബിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. മത്സ്യത്തിലെ രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള പ്രത്യേക സ്ട്രിപ് അടുത്താഴ്ച ലഭ്യമാകുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ജില്ലയില്‍ വിവിധ ഏജന്‍സികള്‍ വിതരണം ചെയ്ത 2000 പായ്ക്കറ്റ്     ചപ്പാത്തികള്‍ സുരക്ഷിതമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചെടുക്കുന്നതിന് പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി അതിന്റെ വില്‍പ്പന തടഞ്ഞിരുന്നതായും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. 

തിരുവല്ല നഗരസഭയിലെ തെരുവുവിളക്കുകളുടെ ടൈമര്‍ പ്രവര്‍ത്തനരഹിതമായതു മൂലം വെളിച്ചം ലഭിക്കാത്തത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായും വൈദ്യുതി വകുപ്പ് ടൈമറുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും തിരുവല്ല നഗരസഭ ചെയര്‍മാന്‍ കെ.വി.വര്‍ഗീസ് ആവശ്യപ്പെട്ടു. പത്തനംതിട്ട നഗരത്തിലുള്‍പ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തെരുവുവിളക്കുകള്‍ പ്രകാശിക്കാത്ത സാഹചര്യമുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളും കെഎസ്ഇബിയും പരസ്പരം പഴിചാരി ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയരുതെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ജനങ്ങളുടെ സുരക്ഷിതത്വത്തിന് ഏറ്റവും അത്യാവശ്യമായ തെരുവുവിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തി അവ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് കെഎസ്ഇബിയും തദ്ദേശഭരണ സ്ഥാപനങ്ങളും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. 

തിരുവല്ലയിലെ മുല്ലേലി തോടിന്റെ ഉപരിതലത്തിലെ പോളയും ജലസസ്യങ്ങളും നീക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയായതായും തോടിന്റെ ആഴം കൂട്ടുന്ന പ്രവൃത്തികള്‍ ഉടന്‍         പൂര്‍ത്തീകരിക്കുമെന്നും മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജില്ലയിലെ നെല്ലിന്റെ സംഭരണം പൂര്‍ത്തിയായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. എലിമുള്ളും പ്ലായ്ക്കല്‍ ഗവണ്‍മെന്റ് എച്ച്എസ്എസിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് കിണര്‍ കുഴിക്കുന്നതിന് വനഭൂമി ലഭിക്കുന്നതിനുള്ള ശുപാര്‍ശ ഓണ്‍ലൈനായി നല്‍കിയതായി കോന്നി ഡിഎഫ്ഒ അറിയിച്ചു. കോന്നി ഫയര്‍ സ്റ്റേഷന്റെ നിര്‍മാണത്തിനുള്ള ആര്‍ക്കിടെക്ചറല്‍ ഡ്രോയിംഗ് തയാറാക്കുന്നതിനുള്ള സ്ഥലപരിശോധന പൂര്‍ത്തിയായതായി പൊതുമരാമത്ത് കെട്ടിടവിഭാഗം അറിയിച്ചു. ഓട്ടോഫീസ് കടവ് പാലത്തിന്റെ സമീപ പാതയുടെ പണികള്‍ പുരോഗമിക്കുന്നതായും കാവനാല്‍ കടവ് പാലത്തിന്റെ ശേഷിക്കുന്ന പ്രവര്‍ത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് സാങ്കേതിക അനുമതി ലഭിക്കുന്നതിന് സമര്‍പ്പിച്ചിട്ടുള്ളതായും പൊതുമരാമത്ത് നിരത്ത് വിഭാഗം അറിയിച്ചു. ഞള്ളൂര്‍-തണ്ണിത്തോട് റോഡിന്റെ പ്രവൃത്തികള്‍ മണ്‍സൂണ്‍ തീരുന്ന മുറയ്ക്ക് പൂര്‍ത്തീകരിക്കും. പുറമറ്റം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പൊളിഞ്ഞുവീഴാറായ കെട്ടിടം പൊളിച്ചുമാറ്റിയതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതിയ കെട്ടിടത്തിനുളള എസ്റ്റിമേറ്റും തയാറാക്കിയിട്ടുണ്ട്. 

യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സോമസുന്ദരലാല്‍, തദ്ദേശഭരണ ഭാരവാഹികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                (പിഎന്‍പി 1736/18) 

date