കുട്ടികള്‍ക്ക് നവ്യാനുഭവമായി ചിരിപ്പിച്ചും ചിന്തിപ്പിച്ചും പുസ്തകവണ്ടി സ്‌കൂളിലെത്തി
വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പുസ്തകവണ്ടിയുടെ ത്രിദിന പര്യടനം ആരംഭിച്ചു. വായനയുടെ പ്രാധാന്യം മനസിലാക്കുന്നതിനോടൊപ്പം കുട്ടികളുടെ കുഞ്ഞറിവുകളും കൗതുകങ്ങളും കുസൃതികളും പങ്കുവെക്കുന്നതിനുള്ള വേദി കൂടിയായി ഈ പര്യടനം മാറി. സ്‌പോട്ട് ക്വിസിലൂടെ മലയാളത്തിലെ പ്രമുഖരായ 20 ഓളം എഴുത്തുകാരെ പരിചയപ്പെടുത്തിക്കൊണ്ടാണ് പുസ്തകവണ്ടി സ്‌കൂളുകളിലെത്തിയത്. വായിക്കാന്‍ ഇഷ്ടമല്ലെന്നും സിനിമയാണിഷ്ടമെന്നും പറഞ്ഞ വിരുത•ാര്‍ ജംഗിള്‍ ബുക്കും ഹാരിപോട്ടറും ചര്‍ച്ച വിഷയമാക്കി. ഫുട്‌ബോള്‍ ആവേശം തലയ്ക്ക് പിടിച്ച കാലത്തേക്ക് ഹിഗ്വിറ്റയെയും എന്‍.എസ്. മാധവന്‍ എന്ന എഴുത്തുകാരനെയും പരിചയപ്പെടുത്തിയപ്പോള്‍ കുരുന്നുകള്‍ അത്ഭുതം കൂറി. എന്റെ സത്യാന്വേഷണ പരീക്ഷണകഥകള്‍ ആരുടേതാണെന്ന ചോദ്യത്തിന് കുട്ടികളെല്ലാം ഒരേ സ്വരത്തിലാണ് ഉത്തരം നല്‍കിയത്. ആത്മകഥ എന്നാല്‍ എന്ത് എന്ന ചോദ്യത്തിനും ഏറെ കുറെ ശരിയുത്തരം നല്‍കാന്‍ കുട്ടികള്‍ക്കായി. വൈക്കം മുഹമ്മദ് ബഷീറിന്റെ സുഹറയും മജീദുമായും ഇതിനകം ചങ്ങാത്തത്തിലായി കഴിഞ്ഞു. എം.ടി വാസുദേവന്‍നായര്‍, കമലാസുരയ്യ, ടി. പത്മനാഭന്‍, ഒ.വി വിജയന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, കെ.ആര്‍ മീര, കാക്കനാടന്‍,ചെറുശ്ശേരി തുടങ്ങിയവരെ കുറിച്ചും സ്‌പോട്ട് ക്വിസില്‍ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ ചൊല്ലിയും കഥകള്‍ പറഞ്ഞുമാണ് കുട്ടികള്‍ പിരിഞ്ഞത്. ജില്ലാ പഞ്ചായത്തങ്കണത്തില്‍ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. ടി. ജലീല്‍ പുസ്തക വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. പള്ളം ബ്ലോക്ക് പരിധിയിലെ വടവാതൂര്‍ ഗവ. ഹൈസ്‌കൂളിലെത്തിയപ്പോള്‍ വാര്‍ഡ് മെമ്പര്‍ എന്‍. സി. ചാക്കോ പര്യടനത്തിന് ആശംസ അര്‍പ്പിച്ചു. പൊന്‍കുന്നം വര്‍ക്കി മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെത്തിയപ്പോള്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുഞ്ഞമ്മ കുര്യന്‍, ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റ്ിംഗ് കമ്മിറ്റിയംഗം അനീഷ് ഗ്രാമറ്റം, പ്രിന്‍സിപ്പാള്‍ ലാല്‍ സി.ഒ, ഹെഡ്മിസ്ട്രസ് തങ്കച്ചിയമ്മാള്‍ എന്നിവര്‍ പങ്കെടുത്തു. പിന്നീട് ളാലം ബ്ലോക്ക് പരിധിയിലെ മുത്തോലി ആശ്രമം ഗവ. എല്‍. പി സ്‌കൂളിലെത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൗളിറ്റ് തങ്കച്ചന്‍, മുത്തോലി പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് രാജന്‍ മുണ്ടമറ്റം എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് തിടനാട് ജി.വി.എച്ച്.എസ്.എസിലെത്തി. ഹെഡ്മിസ്ട്രസ് എസ്. ജയശ്രീ സമ്മാനദാനം നടത്തി.
(കെ.ഐ.ഒ.പി.ആര്‍-1332/18)
- Log in to post comments