Skip to main content

കുംബഡാജെ ജിജെബിഎസ് സ്‌കൂളില്‍ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുംബഡാജെ ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂളില്‍ അനുവദിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്‌കൂളിന് കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നാടിന്റെ വികസനം ഉറപ്പുവരുത്തുക എന്നത് പ്രധാന കടമയായി കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പ്രഖ്യാപനങ്ങള്‍ എല്ലാം പൂര്‍ത്തികരിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികള്‍ മറികടന്ന് പൊതുവിദ്യാഭ്യാസം ഉണര്‍വ് വീണ്ടെടുക്കുന്ന ഘട്ടമാണിത്. വിദ്യാലയങ്ങള്‍ ദീര്‍ഘകാലം അടച്ചിട്ടതിനെ തുടര്‍ന്ന് നമ്മുടെ കുട്ടികള്‍ നിരവധി പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. എങ്കിലും യൂണിസെഫ് ഉള്‍പ്പെടെ നിരവധി ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ അംഗീകരിക്കപ്പെടും വിധം മികച്ച നിലവാരത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പാക്കാന്‍ കേരളത്തിനു സാധിച്ചു എന്നത് അഭിമാനകരമാണ്. ഈ നേട്ടങ്ങളില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ട് വിദ്യാഭ്യാസത്തെ പുതിയ ഉയരങ്ങളിലേയ്ക്ക് നയിക്കാന്‍ നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൂളില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ എസ് എന്‍ സരിത, കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ എം ബാലന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നന്ദികേശന്‍, സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി രവീന്ദ്രന്‍, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.രാജേഷ് , പൊതുവിദ്യാഭ്യാസ ജില്ലാ കോര്‍ഡിനേറ്റര്‍ ദിലീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് കരോടി  സ്വാഗതവും സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി ബാലകൃഷ്ണ നന്ദിയും പറഞ്ഞു. സംസ്ഥാനത്ത് 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
 

date