Skip to main content

ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ സർവീസിൽ തിരിച്ചെടുത്തു

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ഇടപെടലിന്റെ ഫലമായി സർവീസിൽ നിന്ന് പിരിച്ചുവിട്ട ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ തിരിച്ചെടുത്തു. മൃഗ സംരക്ഷണ വകുപ്പിന് കീഴിൽ പാലോട് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിൽ പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്തിരുന്ന സുമയെയാണ് തിരിച്ചെടുത്തത്. ജോലിക്കെടുത്ത ശേഷം അഞ്ച് മാസം കഴിഞ്ഞപ്പോൾ പിരിച്ചു വിട്ടിരുന്നു. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി സുമ ഉൾപ്പെടെ 27 പേരെയാണ് നിയമിച്ചിരുന്നത്. സുമയ്ക്ക് മാത്രമാണ് ഇക്കൂട്ടത്തിൽ പിരിച്ചുവിടൽ നടപടി നേരിടേണ്ടി വന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി 2021 ആഗസ്റ്റിൽ ഭിന്നശേഷി കമ്മീഷണറേറ്റിൽ സുമ പരാതി നൽകുകയായിരുന്നു. പിരിച്ചുവിടൽ നടപടി ഭിന്നശേഷി അവകാശ നിയമത്തിന്റെ ലംഘനമാണെന്ന് കമ്മീഷണറേറ്റ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സർവീസിൽ തിരിച്ചെടുക്കുന്നതിനുള്ള നിയമ നടപടികൾ സ്വീകരിക്കുകയായിരുന്നു. സർവീസിൽ നിന്ന് പിരിച്ചുവിട്ട 2019 ഒക്ടോബർ 28 മുതൽ മുൻകാല പ്രാബല്യത്തിൽ സുമയെ തിരിച്ചെടുക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി രണ്ടിന് ഇവർ ജോലിയിൽ തിരികെ പ്രവേശിച്ചു.
പി.എൻ.എക്സ്. 617/2022

date