Skip to main content

സ്‌കൂളിലേക്ക് വീണ്ടും:  അക്കാഡമിക് മേഖല സജ്ജമാക്കി ജില്ല

മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം  വിദ്യാലയങ്ങൾ വീണ്ടും പൂർണ്ണമായും തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുമ്പോൾ ജില്ലയുടെ അക്കാഡമിക് മേഖല സജ്ജം. വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും യോഗം പ്രത്യേകം വിളിച്ചു ചേർത്ത് ആവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ പറഞ്ഞു. 

എസ് എസ് എൽ സി കുട്ടികൾക്കായി, ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന അധികപഠന വിഭവങ്ങൾ വൈകാതെ അച്ചടിച്ചു നൽകും. മിക്കവാറും വിദ്യാലയങ്ങളിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തിട്ടുണ്ട്. അല്ലാത്തിടത്ത്, ഈ മാസത്തിനുള്ളിൽ തന്നെ പാഠഭാഗങ്ങൾ പഠിപ്പിച്ചു ആവശ്യമായ ഇടപെടൽ നടത്തും. അതുമായി ബന്ധപ്പെട്ട മോണിറ്ററിങ് ശക്തമാക്കും. 

പട്ടികവർഗ്ഗമേഖലയിൽ പ്രത്യേക ഇടപെടൽ നടത്തും. സ്കൂളിൽ എത്താത്ത കുട്ടികളുടെ വീടുകളിൽ പോകാനും ആലോചിച്ചിട്ടുണ്ട്. പരീക്ഷകൾ നന്നായി നടത്തി തീർക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാഭ്യാസ ജില്ലാ തലത്തിൽ യോഗങ്ങൾ ചേർന്നിരുന്നു. സംസ്ഥാനത്ത് 84 ശതമാനത്തിൽ അധികം കുട്ടികൾ വാക്‌സിനേഷൻ എടുത്തിട്ടുണ്ട്. ജില്ലയിൽ അത് 97 ശതമാനമാണ്. അതുകൊണ്ട് അക്കാര്യത്തിൽ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ഡയറ്റ് പ്രിൻസിപ്പൽ ഡോ എം ശ്രീജ, എസ് എസ് കെ ഡി പി സി ഡോ എൻ ജെ ബിനോയ്‌, ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്റർ വി എം കരീം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം കോർഡിനേറ്റർ പി എ മുഹമ്മദ്‌ സിദ്ദിഖ്, കൈറ്റ് ജില്ലാ കോർഡിനേറ്റർ എം അഷറഫ്, ഡി ഇ ഒ മാർ, എ ഇ ഒ മാർ തുടങ്ങിയവർ പങ്കെടുത്തു.

date