Skip to main content

അഴീക്കോട്-മുനമ്പം പാലം നിർമ്മാണം അതിവേഗം തുടങ്ങും

തൃശൂർ ജില്ലയുടെ സ്വപ്ന പദ്ധതിയായ അഴീക്കോട് മുനമ്പം പാലം നിർമ്മാണം വേഗത്തിൽ തുടങ്ങുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. സ്ഥലമേറ്റെടുപ്പ് ഏപ്രിലിൽ പൂർത്തീകരിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളാൻ തൃശൂർ എറണാകുളം ജില്ലകളിലെ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിൻ്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ ജില്ലയിലെ കയ്പമംഗലം നിയോജകമണ്ഡലത്തിലെ അഴീക്കോടിനേയും എറണാകുളം ജില്ലയിലെ വൈപ്പിൻ നിയോജകമണ്ഡലത്തിലെ മുനമ്പത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന അഴീക്കോട്- മുനമ്പം പാലം പണി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പുമായി സ്ഥലമേറ്റെടുക്കലിൽ ധാരണയിലെത്തി. മുനമ്പം ഭാഗത്തെ ജങ്കാർ ജെട്ടി മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. 

അഴീക്കോട് മുനമ്പം പാലം യാഥാർത്ഥ്യമാകുന്നതോടെ മുനമ്പത്ത് നിന്ന് കേരളത്തിൻ്റെ വടക്കൻ മേഖലകളിലേക്ക് ഏറ്റവും എളുപ്പമാർഗത്തിൽ എത്തിച്ചേരാനും തെക്കൻ ജില്ലകളിൽനിന്ന്‌ വൈപ്പിൻകര വഴി ഗതാഗത കുരുക്കുകളില്ലാതെ കടന്നുപോകാനും സാധിക്കും. ഇതോടെ ഈ മേഖലയിലെ മത്സ്യ വ്യവസായവും അഭിവൃദ്ധി പ്രാപിക്കും. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നെന്ന രീതിയിലാണ് അഴീക്കോട് മുനമ്പം പാലം വിഭാവനം ചെയ്തിരിക്കുന്നത്. തീരദേശ വികസനത്തിനും വിനോദസഞ്ചാര മേഖലയ്ക്കും ഏറെ പ്രയോജനമാകുന്ന അഴീക്കോട്- മുനമ്പം പാലം നിർമാണത്തിന് കിഫ്ബി 2017 - 18 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതി നൽകിയായത്. 

തൃശൂർ ജില്ലാ കലക്ടറേറ്റ് വീഡിയോ കോൺഫറൻസ് റൂമിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ എം എൽ എ മാരായ ഇ ടി ടൈസൻ മാസ്റ്റർ, കെ എൻ ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ, തൃശൂർ ജില്ലാ കലക്ടർ ഹരിത വി കുമാർ, എറണാകുളം ജില്ലാ കലക്ടർ ജാഫർ മാലിക്, ഡെപ്യൂട്ടി കലക്ടർമാർ, സ്പെഷൽ തഹസിൽദാർമാർ, കെ ആർ എഫ് ബി അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത് ഇ ഐ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date