Skip to main content

മുളിയാറില്‍ കാട്ടുതീ പ്രതിരോധവും ഖരമാലിന്യ ശേഖരണവും സംഘടിപ്പിച്ചു

 വനം വന്യജീവി വകുപ്പ് വനസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുളിയാറില്‍ കാട്ടുതീ പ്രതിരോധവും ഖരമാലിന്യ ശേഖരണവും സംഘടിപ്പിച്ചു. അരിയില്‍ വനസംരക്ഷണ സമിതി, ഹരിത കര്‍മ്മസേന, മുളിയാര്‍ പഞ്ചായത്തിന്റെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിപാടിയുടെ ഭാഗമായി വളപ്പാറ പ്രദേശത്തെ വനത്തിനകത്തെ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ അരിയില്‍ വനസംരക്ഷണ സമിതിയുടെയും ഹരിത കര്‍മ്മസേനയുടെയും നാട്ടുകാരുടേയും ആര്‍ ആര്‍ ടി അംഗങ്ങളുടേയും സഹകരണത്തോടെ ശേഖരിച്ചു. വനം വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലും പൊതുസ്ഥലങ്ങളിലും പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ പോലീസിന്റേയും വനം വകുപ്പ് അധികൃതരുടെയും സഹകരണത്തോടെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പി.വി മിനി അറിയിച്ചു. ചടങ്ങില്‍ അരിയില്‍ വനസംരക്ഷണ സമിതി പ്രസിഡന്റ് പി ശശിധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സി നാരായണിക്കുട്ടി, കാറഡുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍ വി സത്യന്‍, ഹരിത കര്‍മ്മസേന ലീഡര്‍ ഇ പ്രസീത, കെ ദിനേശന്‍, സുകുമാരന്‍ നായര്‍, കുഞ്ഞമ്പു നായര്‍ സംസാരിച്ചു. അരിയില്‍ വനസംരക്ഷണ സമിതി സെക്രട്ടറി കെ ജയകുമാര്‍ സ്വാഗതവും ട്രഷറര്‍ കെ നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു.
 

date