Skip to main content

സംരംഭക സൗഹൃദവുമായി മഞ്ചേരി നഗരസഭ

പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്ത് മഞ്ചേരി നഗരസഭ. സംരംഭ സൗഹൃദ അന്തരീക്ഷം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ പുതു വര്‍ഷത്തില്‍ ആരംഭിച്ച മിഷന്‍ 100 പദ്ധതിയിലൂടെയാണ് സംരംഭകരെ ക്ഷണിക്കുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷ കാലയളവിനുള്ളില്‍ നഗരസഭക്ക് കീഴില്‍ 100 സംരംഭക യൂണിറ്റുകള്‍ ആരംഭിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി മഞ്ചേരി വ്യവസായ- വാണിജ്യ വകുപ്പിന്റെ സേവനവും നഗരസഭ ഉറപ്പു വരുത്തുന്നു. പദ്ധതി ആരംഭിച്ച് ഒന്നര മാസത്തിനുള്ളില്‍ മുപ്പതോളം സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ പറഞ്ഞു.  നഗരസഭയുടെ പ്രദേശിക സാമ്പത്തിക വികസനം ലക്ഷ്യം വച്ച് ആരംഭിച്ച പദ്ധതിയില്‍ ഉല്‍പാദന സേവന യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള സഹായങ്ങളാണ് ഒരുക്കുന്നത്. സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കാവശ്യമായ വിവിധ സബ്‌സിഡികള്‍ ലഭ്യമാക്കി സാമ്പത്തിക സഹായം നല്‍കുന്നതിനും ലൈസന്‍സുകളും ക്ലിയറന്‍സുകളും കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനും പുത്തന്‍ ആശയങ്ങള്‍ക്കനുസരിച്ച് പ്രൊജക്ട് കണ്ടെത്തി തയ്യാറാക്കുന്നതിനും ആവശ്യമായ പരിശീലനം നല്‍കുന്നതിനുമുള്ള സഹായങ്ങളും വാണിജ്യ വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ നഗരസഭ നടപ്പിലാക്കി വരുന്നു. വനിതാ സംരംഭകര്‍ക്ക് 50 ശതമാനം സബ്‌സിഡിയും നഗരസഭ നല്‍കുന്നുണ്ട്. പദ്ധതിയിലൂടെ  നഗരസഭാ പരിധിയില്‍ കൂടുതല്‍ സംരംഭക യൂനിറ്റുകള്‍ ആരംഭിക്കുന്നതിനും കൂടുതല്‍ ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കഴിയും. വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് നഗരസഭയുമായി ബന്ധപ്പെടാവുന്നതാണ്.

date