Skip to main content

കോവിഡ് എക്സ്ഗ്രേഷ്യാ തുക വിതരണത്തിന് പ്രത്യേക ഡ്രൈവ് നടത്തണം- ജില്ലാ കളക്ടര്‍

കോവിഡ് എക്സ്ഗ്രേഷ്യാ തുകയ്ക്ക് അര്‍ഹരായ ആശ്രിതരെ കണ്ടെത്തുന്നതിന് ഡ്രൈവ് നടത്തി മൂന്നു ദിവസത്തിനകം വിതരണം ചെയ്യണമെന്ന്് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോവിഡ് എക്സ്ഗ്രേഷ്യാ തുക വിതരണം ചെയ്യുന്നതിലെ പുരോഗതി വിലയിരുത്തുന്നതിനു ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.  

 

കോവിഡ് എക്സ്ഗ്രേഷ്യാ തുകയ്ക്ക് ഇനിയും അപേക്ഷിക്കാത്ത ആശ്രിതരെ കണ്ടെത്തുന്നതിനായി എല്ലാ വില്ലേജുകളിലും ഡ്രൈവ് നടത്തണം. അതിനായി വില്ലേജ് ഓഫീസര്‍മാരും തഹസില്‍ദാര്‍മാരും പഞ്ചായത്തംഗങ്ങളും മുന്‍കൈ എടുക്കണം.  മൂന്നു ദിവസത്തിനുള്ളില്‍ കൃത്യമായ റിപ്പോര്‍ട്ട് ലഭ്യമാക്കണം. പരാതികള്‍ കൃത്യമായി പരിഹരിച്ച് മുന്നോട്ട് പോകണമെന്നും കളക്ടര്‍ പറഞ്ഞു. അര്‍ഹരായ ആശ്രിതരെ കണ്ടെത്തുന്നതിനുള്ള ഡ്രൈവുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

 

എക്സ്ഗ്രേഷ്യാ തുകയ്ക്ക് അര്‍ഹരായ ആശ്രിതരെ കണ്ടെത്തി തുക നല്‍കുന്നതിനായി എന്തെല്ലാം നടപടികള്‍ പൂര്‍ത്തിയാക്കണം എന്ന കാര്യത്തിലും കളക്ടര്‍ നിര്‍ദേശം നല്‍കി. മറ്റ് സംസ്ഥാനങ്ങളില്‍ വച്ച് മരിച്ചവര്‍ക്കുള്ള ധനസഹായം സംബന്ധിച്ച് സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, തഹസീല്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date