Skip to main content

വിദ്യാർഥികൾക്കായി 26 ലക്ഷം രൂപയുടെ പദ്ധതിയൊരുക്കി പള്ളം ബ്ലോക്ക് - കളക്ടേഴ്‌സ് @ സ്‌കൂളും ഷീപാഡ് പദ്ധതിയും മുഴുവൻ സ്‌കൂളുകളിലും

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മേഖലയിൽ വിപുലമായ പദ്ധതികൾക്ക് തുടക്കമിടുന്നു. വിദ്യാർഥികളിൽ മാലിന്യ സംസ്‌ക്കരണ അവബോധം സൃഷ്ടിക്കാൻ രൂപീകരിച്ച കളക്ടേഴ്‌സ് @ സ്‌കൂൾ പദ്ധതിയും വിദ്യാർഥിനികളിൽ ആരോഗ്യ സുരക്ഷയും ആർത്തവ ശുചിത്വവും  ഉറപ്പാക്കുന്നതിനുള്ള ഷീ പാഡ് പദ്ധതിയുമാണ് ആരംഭിക്കുക.
ബ്ലോക്കിന് കീഴിൽ വരുന്ന അയർക്കുന്നം, പനച്ചിക്കാട്, പുതുപ്പള്ളി, കുറിച്ചി, വിജയപുരം എന്നീ പഞ്ചായത്തുകളിൽ വരുന്ന സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

കളക്ടേഴ്‌സ്@ സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള ബിന്നുകൾ സ്‌കൂളുകൾക്ക് നൽകും. 27000 രൂപ വിലവരുന്ന കളക്ഷൻ ബിൻ യൂണിറ്റുകൾ 33 എൽ.പി- യു.പി സ്‌കൂളുകൾക്കും ഒമ്പത് ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി സ്‌കൂളുകൾക്കുമാണ് നൽകുക.  നാല് ബിന്നുകളാണ് ഒരു യൂണിറ്റിലുള്ളത്.

വിദ്യാർഥിനികളിൽ ആരോഗ്യ സുരക്ഷയും ആർത്തവ ശുചിത്വവും ഉറപ്പാക്കുന്നതിനായി 10 ഹൈസ്‌കൂൾ -ഹയർ സെക്കൻഡറി സ്‌കൂളുകളിലും ആറ് യു.പി സ്‌കൂളുകളിലും സാനിറ്ററി പാഡ്  ഇൻസിനേറ്ററുകളും സാനിറ്ററി പാഡുകൾ സൂക്ഷിക്കുന്നതിനുള്ള അലമാരകളും സ്ഥാപിക്കും. 45000 രൂപയാണ് ഒരു യൂണിറ്റിന് ചെലവ് വരുന്നത്.

നവകേരള മിഷന്റെ ഭാഗമായി പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ശേഷിക്കുന്ന സ്‌കൂളുകളിൽ അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കും.

ഇതു സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന  വിശദീകരണ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അനിൽ എം. ചാണ്ടി, സാബു പുതുപ്പറമ്പിൽ, ധനുജ സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ജെയിംസ് പുതുമന, ദീപ ജീസസ്, സുജാത ബിജു, റേച്ചൽ കുര്യൻ, ഇ.ആർ. സുനിൽ കുമാർ, കെ.രജനിമോൾ, സിബി ജോൺ, ലിസമ്മ ബേബി, ബ്ലോക്ക് സെക്രട്ടറി ബി. ഉത്തമൻ, വിവിധ സ്‌കൂളുകളിലെ അധ്യാപകർ എന്നിവർ പങ്കെടുത്തു.

date