Skip to main content

കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പുനഃക്രമീകരിച്ചു

ജില്ലയിൽ കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ  പുനഃക്രമീകരിച്ചതായി ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു. എല്ലാ മതപരമായ ഉത്സവങ്ങൾക്കും 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലക്ക് പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം. ഓരോ ഉത്സവത്തിനും പൊതു സ്ഥലത്തിന്റെ വിസ്തീർണ്ണമനുസരിച്ച് 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലക്ക് ആളുകളുടെ എണ്ണം നിശ്ചയിച്ച് പരിപാടികൾ നടത്താവുന്നതാണ്.  ആളുകളുടെ എണ്ണം ബന്ധപ്പെട്ട താലൂക്ക് തഹസിൽദാർമാർ നിശ്ചയിച്ചു നൽകണം.

അനുമതിക്കായുള്ള അപേക്ഷകളിന്മേൽ തീരുമാനമെടുക്കുന്നതിന് ആവശ്യമെങ്കിൽ തഹസിൽദാർമാർ ബന്ധപ്പെട്ട റവന്യൂ, പോലീസ്, ആരോഗ്യം, തദ്ദേശ സ്ഥാപന അധികാരികൾ എന്നിവരുടെ യോഗം  വിളിച്ചുകൂട്ടി തീരുമാനങ്ങൾ കൈകൊള്ളണം. 

72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ കയ്യിലുള്ള 18 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. രോഗ ലക്ഷണങ്ങളില്ലാത്ത 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കുന്ന എല്ലാവരും മാസ്‌ക് മുഴുവൻ സമയവും ഉപയോഗിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പു വരുത്തണം. പന്തലിൽ ആഹാര സാധനങ്ങൾ വിതരണം ചെയ്യാൻ പാടുള്ളതല്ല. പൊതു പരിപാടികളുടെ സംഘാടകർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.

date