Skip to main content

ബേഡഡുക്കയ്ക്ക് മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം

2020-21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പദ്ധതി രൂപീകരണത്തിലും നിര്‍വഹണത്തിലുമുള്ള മികവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തലത്തില്‍ ഈ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം ബേഡഡുക്ക പഞ്ചായത്ത് കരസ്ഥമാക്കി.
ആര്‍ദ്രം ,ലൈഫ് ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മേഖലകളില്‍ നിരന്തരമായ പ്രവര്‍ത്തനങ്ങളും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളുമാണ് പഞ്ചായത്തിന്റെ നേട്ടത്തിന് വഴിയൊരുക്കിയത്.
ഒട്ടേറെ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് സ്വയം പര്യാപ്ത ഗ്രാമത്തിലേക്കുള്ള സാധ്യത, പഞ്ചായത്ത് ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നിട്ടു. ബേഡകം ഇന്ന് തരിശ് രഹിത ഗ്രാമമാണ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ നെല്ലും ജൈവ പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും വിളകളും കൃഷി ഇറക്കി . തരിശുനിലങ്ങളില്‍ വിളഞ്ഞ നെല്ല് പഞ്ചായത്ത് തന്നെ കുത്തി അരിയാക്കി ബേഡകം റൈസ്  എന്ന ബ്രാന്‍ഡില്‍ വിപണിയിലിറക്കി. ജില്ലയില്‍ ഏറ്റവും ആദ്യം സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതി കൈവരിച്ച ഗ്രാമപഞ്ചായത്ത് കൂടിയാണ് ബേഡഡുക്ക പഞ്ചായത്ത്.
ജില്ലയില്‍ ആദ്യമായി പ്രവര്‍ത്തന ക്ഷമമായ പ്‌ളാസ്റ്റിക് സംസ്‌കരണശാലയും ബേഡഡുക്കയിലാണ്. നെല്ലിയടുക്കം വ്യവസായ എസ്റ്റേറ്റില്‍ ആര്‍.ആര്‍.എഫ്  കെട്ടിടം യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് പൊടിച്ച ബെയിന്‍ ചെയ്ത് ക്ലീന്‍ കേരള കമ്പനി മുഖേന കയറ്റി അയക്കുന്ന ഫലപ്രദമായ സംവിധാനവും ബേഡഡുക്കയുടെ സവിശേഷതയാണ്.
തുമ്പൂര്‍ മുഴി മാതൃകയില്‍ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തനക്ഷമമായി. ജില്ലയിലാകെ ഹരിതകര്‍മസേന പരീക്ഷണം നല്‍കുന്ന സ്ഥാപനമായി ബേഡഡുക്കയുടെ ഷെഡ്ഡിീങ് യൂണിറ്റ് മാറിക്കഴിഞ്ഞു. വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഖര മാലിന്യങ്ങള്‍ ശേഖരിച്ച് വയ്ക്കാന്‍ പ്രാദേശിക മിനി എംസിഎഫുകള്‍, കുട്ടികളുടെ ശുചിത്വ ബോധം വളര്‍ത്താന്‍ ഗ്രീന്‍ പോലീസിംഗ്, പഞ്ചായത്തിലെ പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ സമഗ്രമായ പുരോഗതി ഉറപ്പുവരുത്തുന്നതിന് ന്യായമായ സ്വയംതൊഴില്‍ സാമൂഹ്യ ക്ഷേമ പദ്ധതികളും പഞ്ചായത്ത് നിര്‍വഹിച്ചു.  പാലിയേറ്റീവ് കെയര്‍ സാന്ത്വന പരിചരണ പ്രവര്‍ത്തന രംഗത്തും സജീവമാണ് ബേഡഡുക്ക പഞ്ചായത്ത്.
പഞ്ചായത്തിലെ വികാസ മേഖലകള്‍ ഇനിയും ഏറെയാണ്. മുമ്പും ഒട്ടേറെ പുരസ്‌കാരങ്ങള്‍ ബേഡഡുക്ക പഞ്ചായത്തിനെ തേടിയെത്തി. വെള്ളം വൃത്തി, വിളവ് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ ഇടപെടലുകള്‍ക്ക് മുഖ്യമന്ത്രിയുടെ പ്രഥമ ഹരിത അവാര്‍ഡ് ബേഡഡുക്കയ്ക്ക് ലഭിച്ചു. പദ്ധതി നിര്‍വഹണം, നികുതി സമാഹരണം, വേറിട്ട പദ്ധതികള്‍, ഓഫീസ് നിര്‍വഹണം, പദ്ധതികളിലെ ജനപങ്കാളിത്തം എന്നിവ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫിയും ബേഡഡുക്കയ്ക്ക് ലഭിച്ചു. കാര്‍ഷിക രംഗത്ത് നടത്തിയ വേറിട്ട ഇടപെടലിനും ജൈവ പരിശ്രമങ്ങള്‍ക്കും കര്‍ഷക ക്ഷേമ കാര്‍ഷിക വികസന വകുപ്പ് രണ്ട് തവണ മികച്ച ജൈവ കാര്‍ഷിക പഞ്ചായത്തായി ബേഡഡുക്കയെ  തെരെഞ്ഞെടുത്തു. തൊഴിലുറപ്പിലെ സവിശേഷമായ നേട്ടങ്ങള്‍ക്ക് ദിശ പുരസ്‌കാരം, ബ്ലോക്ക് പഞ്ചായത്ത് ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങള്‍ എന്നിവയ്ക്കും ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അര്‍ഹമായി.
 

date