Skip to main content

നിയമം ദുരുപയോഗിക്കാന്‍ സ്ത്രീകളെ പരാതിക്കാരാക്കിയാല്‍ നടപടി- വനിതാ കമ്മീഷന്‍

ആലപ്പുഴ: അയല്‍പക്ക വഴക്കുകളിലും വസ്തു തര്‍ക്കങ്ങളും മറ്റും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെന്ന രീതിയിലാക്കി നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണതയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. നിയമത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പരിരക്ഷ ഇത്തരം കേസുകളില്‍ പലപ്പോഴും ദുരുപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കമ്മീഷന്‍ അംഗം അഡ്വ. എം.എസ് താര പറഞ്ഞു.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. പുരുഷന്മാര്‍ ഉള്‍പ്പെട്ട അക്രമ സംഭവങ്ങളില്‍ സ്ത്രീകളെ വാദികളാക്കി കേസ് ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കമ്മീഷന്‍ അദാലത്തുകളില്‍ വന്നിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് വേറിട്ടു താമസിക്കുന്ന ദമ്പതികളുടെ കുട്ടികളുടെ ദയനീയാവസ്ഥയും ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണ്. വേറിട്ടു കഴിയുന്നവര്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്ന് അഡ്വ. താര നിര്‍ദേശിച്ചു.

ആകെ 102 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇവയില്‍ 35 എണ്ണം തീര്‍പ്പാക്കി. എട്ടു പരാതികള്‍ പോലീസിന്റെ റിപ്പോര്‍ട്ടിനായി കൈമാറി. രണ്ടു കേസുകളില്‍ കൗണ്‍സലിംഗിന് നിര്‍ദേശം നല്‍കി. 57 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.  കമ്മീഷന്റെ അഡ്വക്കേറ്റ് പാനല്‍ അംഗങ്ങളും അദാലത്തില്‍ പങ്കെടുത്തു.

date