Skip to main content

ദേശീയ ഉൾനാടൻ ജലപാത നവീകരണം :മണ്ണ് പരിശോധനയും പ്രാഥമിക പഠനവും പൂർത്തിയായി 

ദേശീയ ഉൾനാടൻ ജലപാത നവീകരണം :മണ്ണ് പരിശോധനയും പ്രാഥമിക പഠനവും പൂർത്തിയായി 

  

ദേശീയ ഉൾനാടൻ ജലപാത നവീകരണത്തിന്റെ ഭാഗമായി കനോലി കനാലിലെ പാലങ്ങള്‍ പുതുക്കി പണിയുന്നതിന് മുന്നോടിയായി പാലങ്ങളുടെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ 

മണ്ണ് പരിശോധനയും പ്രാഥമിക പഠനവും പൂർത്തിയായി. പരിശോധന ഏറ്റെടുത്ത കാക്കനാട് എ ആൻഡ് എസ് കൺസ്ട്രക്ഷൻ കമ്പനി റിപ്പോർട്ട് വൻകിട ജലസേചന വിഭാഗത്തിന് കൈമാറി. ഉള്‍നാടന്‍ ജലഗതാഗതത്തിന് അനുയോജ്യമാവും വിധം വള്ളിക്കുന്ന് മണ്ഡലത്തില്‍ കനോലി കനാലിന് കുറുകെയുള്ള മൂന്ന് പാലങ്ങളാണ് പൊളിച്ചുപണിയുന്നത്.

 

ചേലേമ്പ്ര- കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാറക്കടവ് പാലം, ചെറക്കടവ് പാലം, വള്ളിക്കുന്ന്- കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുക്കത്തക്കടവ് പാലം എന്നിവയാണ് പുതുക്കി പണിയേണ്ടി വരിക. ഇതിൽ 

 മുക്കത്തക്കടവ് പാലം പൊതുമരാമത്ത് വിഭാഗം നവീകരിക്കും.മറ്റ് രണ്ട് പാലങ്ങളാണ് വൻകിട ജലസേചന വിഭാഗം നവീകരിക്കുന്നത്.

കനാൽ വികസനത്തിന്റെ ഭാഗമായി ഇരുവശങ്ങളിൽ നിന്നും സ്ഥലമേറ്റെടുക്കേണ്ടതിനാൽ കഴിഞ്ഞ ദിവസം ചേലേമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥലമുടമകളുടെയും ജനപ്രതിനിധികളുടെയും വൻകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നിരുന്നു. നിലവിൽ കനോലി കനലിന്റെ വീതി ശരാശരി 25 മീറ്റർ ആണ്. ഇരുവശങ്ങളിൽ നിന്നുമായി ശരാശരി 15 മീറ്റർ വീതിയിൽ മുപ്പത് മീറ്റർ സ്ഥലം ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ.എസ് ഗീത പറഞ്ഞു.

 

കടലുണ്ടി പുഴ മുതല്‍ പുല്ലിപ്പുഴ വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള കനോലികനാലിലെ പാറക്കടവ് പാലം ജലപാതയുടെ നിബന്ധനകള്‍ക്ക് വിധേയമല്ലാത്തതിനാല്‍ നിലവിലെ ഉയരം ആറര മീറ്ററായി വര്‍ധിപ്പിച്ച്  സ്പാനുകള്‍ തമ്മിലുള്ള അകലം 12.5 മീറ്ററാക്കി നിജപ്പെടുത്തും.  ഇതോടെ നിലവുള്ള പാലത്തിന്റെ ബലക്ഷയവും വീതിക്കുറവും പരിഹരിക്കാനാകും. ചെറക്കടവ് പാലം നിലവില്‍ അപ്രോച്ച് റോഡില്ലാതെ പടിക്കെട്ടുകളുണ്ടാക്കി ഉപയോഗശൂന്യമായി കിടക്കുന്ന അവസ്ഥയിലായിരുന്നു. ഇവിടെ സ്പാനുകള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിക്കുന്നതിനും ഉയരം കൂട്ടുന്നതിനും നടപടി സ്വീകരിക്കും.

പാറക്കടവ് പാലത്തിന്റെ അലൈൻമെന്റ് അൽപം മാറ്റി കടലുണ്ടി - ഫറോക്ക് റോഡിലെ മണ്ണൂർ വളവിൽ നിന്നും പുല്ലിപ്പറമ്പ് - ഇടിമുഴിക്കൽ റോഡിലേക്ക് വീതി കൂട്ടി പണിയാനാണ് ആലോചിക്കുന്നത്.ഇത് സീ പോർട്ട് റോഡിൽ നിന്നും ദേശീയ പാതയിലേക്ക് പെട്ടെന്ന് എത്താനുള്ള എളുപ്പമാർഗ്ഗമാണ്.എന്നാൽ ചെറക്കടവ് പാലം നിലവിൽ നടപ്പാലമാണ്.ഈ രണ്ട് പാലങ്ങൾ വീതി കൂട്ടി നവീകരിക്കണമെങ്കിൽ കൂടുതൽ സ്ഥലം ആവശ്യമാണ്.

 

യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്എ. പി. ജമീല, പി. അബ്ദുൽഹമീദ് എം എൽ എ യുടെ പ്രതിനിധി എൻ.കെ അബ്ദുൽ ശുക്കൂർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.പി ദേവദാസ്,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി ഹഫ്സത്ത് ബീവി, ടി.കെ സമീറ ,വൻകിട ജലസേചന വകുപ്പ് കൊണ്ടോട്ടി സെക്ഷൻ അസിസ്‌റ്റന്റ് എഞ്ചിനിയർ പി. ശിഹാബുദ്ദീൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത സുനി, സി.അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.

 

date