Skip to main content

കുട്ടികൾക്കുള്ള ധനസഹായ വിതരണം നിർവഹിച്ചു

കോവിഡ് മഹാമാരി മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള രണ്ടാം ഘട്ട ധനസഹായ വിതരണം  ജില്ലാ കലക്ടർ ഹരിത വി കുമാർ നിർവഹിച്ചു. ജില്ലയിൽ നിന്നുള്ള 15 കുട്ടികളിൽ 8 പേർക്ക് മൂന്ന് ലക്ഷം രൂപ വീതം സർക്കാർ ട്രഷറി സേവിങ്സ് അക്കൗണ്ടിൽ ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിച്ചതിന്റെ രേഖ കുട്ടികളുടെ രക്ഷിതാക്കൾക്ക് കൈമാറി. മാതാപിതാക്കൾ അല്ലെങ്കിൽ നിലവിലെ ഏക രക്ഷിതാവ് കോവിഡ് മൂലം മരിക്കുന്ന സാഹചര്യത്തിലാണ് ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ധനസഹായം ലഭ്യമാവുക. ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റായി തുക നിക്ഷേപിക്കുകയും 18 വയസ് പൂർത്തിയാകുന്ന മുറക്ക് തുക കൈമാറും. കൂടാതെ പ്രതിമാസം 2000 രൂപ വീതം ഈ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനും മറ്റ് ജീവനോപാധികൾക്കുമായി അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യും. ചടങ്ങിൽ ജില്ലാ വനിത ശിശു വികസന ഓഫീസർ പി മീര,  ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. കെ ജി വിശ്വനാഥൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഞ്ജു പി ജി എന്നിവർ പങ്കെടുത്തു.

date