Skip to main content

സംസ്ഥാനത്തെ ആദ്യ പൊതു വിദ്യാലയ പ്രകൃതി സംരക്ഷണ കേന്ദ്രം കൊണ്ടോട്ടിയില്‍

സംസ്ഥാനത്തെ ആദ്യ പൊതു വിദ്യാലയ പ്രകൃതി സംരക്ഷണ കേന്ദ്രം കൊണ്ടോട്ടിയില്‍ ഒരുങ്ങുന്നു. കൊണ്ടോട്ടി ഉപജില്ലയിലെ നെടിയിരുപ്പ് ഗവ.വെല്‍ഫെയര്‍ യു.പി. സ്‌കൂളിലാണ് എസ്.എസ്.എ, സോഷ്യല്‍ ഫോറസ്ട്രി, കോട്ടക്കല്‍ ആര്യ വൈദ്യശാല ഔഷധ സസ്യ വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രകൃതി സംരക്ഷണ കേന്ദ്രം വരുന്നത്. പ്രകൃതി ടൂറിസം കേന്ദ്രമായ മിനി ഊട്ടിയുടെ പരിസരത്ത് നെടിയിരുപ്പ് പട്ടിക ജാതി കോളനിയിലാണ് ഈ സ്‌കൂള്‍. ജില്ലയില്‍ പട്ടികജാതി വിഭാഗത്തിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയവുമാണിത്.
പദ്ധതിയുടെ ഭാഗമായി എട്ട് ഏക്കര്‍ വിസ്തൃതിയുള്ള സ്‌കൂള്‍ ക്യാമ്പസില്‍ കോട്ടക്കല്‍ ആര്യവൈദ്യ ശാലയുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ ഔഷധ സസ്യ കൃഷി വ്യാപനം നടക്കും. നൂറുകണക്കിനു സസ്യങ്ങളുടെ നാമകരണത്തിനും വര്‍ഗ്ഗീകരണത്തിനുമുള്ള അവസരവുമുണ്ടാവും. ജൈവ വൈവിധ്യ ബോര്‍ഡിന്റെയും സോഷ്യല്‍ ഫോറസ്ട്രിയുടെയും നേതൃത്വത്തില്‍ ക്യാമ്പസിനെ പ്രകൃതി സംരക്ഷിതമാക്കും.
ഇതോടനുബന്ധിച്ച് സ്‌കൂളില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഈ മണ്‍സൂണ്‍ കാലത്ത് ജില്ലയിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളിലെ ജൈവ വൈവിധ്യ ഉദ്യാനങ്ങളുടെ ശാക്തീകരികണത്തിനായി 500 ലധികം സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന കൊള്ളാമീ മഴ ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനവും സ്‌കൂളില്‍ നടന്നു.
സ്‌കൂളിന്റെ പരിസര പ്രദേശങ്ങളിലെ ജൈവ വൈവിധ്യം സംരക്ഷിക്കുക, മണ്ണ്, മഴ, കാലാവസ്ഥ, കൃഷി, ഭക്ഷണം, നാട്ടറിവ് ശേഖരിക്കല്‍ തുടങ്ങിയവയിലൂടെ പ്രൃകൃതിയെ തന്നെ ഒരു പാഠപുസ്തകം എന്ന നിലയില്‍ അറിയുക. പരിസ്ഥിതി സൗഹൃദമായ ജീവിത രീതി പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളിലൂടെ കുട്ടികളെയും രക്ഷിതാക്കളെയും നയിക്കാനാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
നെടിയിരുപ്പ് സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ 50 ഓളം കുട്ടികളും വിവിധ ബി.ആര്‍.സികളിലെ പ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. ടി.വി. ഇബ്രാഹീം എം.എല്‍.എ യുടെ നേതൃത്വത്തില്‍ ക്യാമ്പ് വിലയിരുത്തി.
കൊണ്ടോട്ടി നഗരസഭ ചെയര്‍മന്‍ സി.നാടിക്കുട്ടി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി. ഗീത അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ മുരളീധരന്‍, സലീമുദ്ദീന്‍, മനോജ്, ദിലീപ് കുമാര്‍, ഇ.കുട്ടന്‍, പത്മകുമാരി, ശങ്കരനാരായണന്‍, കെ.ജദീപ്, റിയോണ്‍ ആന്റണി സംസാരിച്ചു. കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെ വി.മഹേഷ് ക്ലാസെടുത്തു.
ക്യാമ്പിലൊരുക്കിയ ഭക്ഷണം പോലും പാരമ്പര്യ രീതികളെ പരിചയപ്പെടുത്തി. ഇലക്കറി, കപ്പ പുഴുക്ക്, ചക്കപ്പുഴുക്ക്, കാന്താരി ചമ്മന്തി തുടങ്ങിയ നടന്‍ വിഭവങ്ങള്‍ ശ്രദ്ധേയമായി. സോഷ്യല്‍ ഫോറസ്ട്രി ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം, രക്ഷിതാക്കളും എസ്.എസ്.എ യും ചേര്‍ന്നൊരുക്കിയ പഴയ കാല കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവയും ശ്രദ്ദേയമായിരുന്നു. മഴ നടത്തം,  മഴ മാപിനി നിര്‍മ്മാണം, മഴക്കാല ജൈവ വൈവിധ്യ പഠനം, ജലസംരക്ഷണ അവബോധം, തുടങ്ങിയ സെഷനുകളും ക്യാമ്പിന്റെ ഭാഗമായി നടന്നു.

 

date