Skip to main content

ജില്ലാതല അയല്‍പ്പക്ക യൂത്ത് പാര്‍ലമെന്റിന് ഇന്ന് തുടക്കം

മലപ്പുറം നെഹ്‌റു യുവകേന്ദ്ര കൈറ്റ്‌സ് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജില്ലാതല അയല്‍പ്പക്ക യൂത്ത് പാര്‍ലമെന്റ് ഇന്നും നാളെയുമായി (മാര്‍ച്ച് 19, 20) ജില്ലാ പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ വികസന കമ്മീഷണര്‍ പ്രേംകൃഷ്ണന്‍ മുഖ്യാഥിതിയാകും. സമാപന സമ്മേളനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. പി ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. രണ്ട് ദിവസത്തെ യൂത്ത് പാര്‍ലമെന്റില്‍ സ്ത്രീ ശാക്തീകരണം, സംരംഭകത്വം, ലഹരി വിരുദ്ധത, ലിംഗ സമത്വം, ഭിന്ന ലൈംഗികത, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍, വികസനത്തില്‍ യുവാക്കളുടെ നേത്യത്വപരമായ പങ്ക്് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഒന്നാം ദിനത്തിലെ ആദ്യ സെഷനില്‍ ' സ്ത്രീ ശാക്തീകരണം' എന്ന വിഷയത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ സഫ്‌ന നസറുദ്ദീന്‍, വജ്രജൂബിലി ഫെലോഷിപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍ വി.പി മന്‍സിയ എന്നിവര്‍ സംസാരിക്കും. ' ലിംഗ സമത്വം, ഭിന്ന ലൈംഗികത' എന്ന വിഷയത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും കവയത്രിയുമായ വിജയരാജമല്ലിക, ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ സംസ്ഥാന പ്രൊജക്ട് ഓഫീസര്‍ ശ്യാമ എസ് പ്രഭ എന്നിവരും ' സംരംഭകത്വം' എന്ന മൂന്നാം സെഷനില്‍ ഐറാലൂം സ്ഥാപക ഹര്‍ഷ പുതുശ്ശേരി, സാറാ ബയോടെക് ഇന്ത്യ സ്ഥാപകനും സി.ഇ.ഒയുമായ നജീബ് ഹനീഫ് എന്നിവരും സംസാരിക്കും.  രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ ' തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തക വിജി പെണ്‍കൂട്ട്, വനിത സെല്‍ എസ്.ഐ എന്‍.എ വിനയ എന്നിവരും ' വികസനത്തില്‍ യുവാക്കളുടെ നേത്യത്വപരമായ പങ്ക് ' എന്ന വിഷയത്തില്‍ മുന്‍ എം.എല്‍.എ വി.ടി ബല്‍റാമും സംസാരിക്കും.  ' ലഹരി വിരുദ്ധത' വിഷയത്തില്‍ മുന്‍ ഡി.ജി.പി ഋഷിരാജ് സിങ് പ്രഭാഷണം നടത്തും.

date