Skip to main content

പൊതു ആരോഗ്യത്തിൽ വദനാരോഗ്യവും പ്രധാനം: മന്ത്രി വീണാ ജോർജ്

*മാർച്ച് 20 ലോക വദനാരോഗ്യ ദിനം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും
പൊതു ആരോഗ്യത്തിൽ വദനാരോഗ്യവും പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വദനാരോഗ്യവും പൊതുവായ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. വായുടെ ആരോഗ്യമില്ലായ്മ വായിലെ രോഗങ്ങൾക്ക് മാത്രമല്ല, ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക്, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കും, ഗർഭിണികളായ സ്ത്രീകളിൽ മാസം തികയാതെയും ഭാരക്കുറവുമുള്ള കുഞ്ഞുങ്ങൾക്ക് ജന്‍മം  നൽകുന്നതിനും കാരണമാകും. അതിനാൽ തന്നെ കൃത്യമായ ചികിത്സ ഉറപ്പ് വരുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
ആരോഗ്യ വകുപ്പിന് കീഴിലായി 159 ഡെന്റൽ യൂണിറ്റുകളും ദേശീയ വദനാരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 87 ഡെന്റൽ യൂണിറ്റുകളും പ്രവർത്തിച്ചുവരുന്നു. ഇതിലൂടെ വിവിധ ദന്തരോഗങ്ങൾക്കുള്ള ശസ്ത്രക്രിയകളും ഓർത്തോഗ്നാത്തിക് ചികിത്സയും മോണ സംബന്ധിച്ച പെരിയൊഡോണ്ടൽ സർജറികളും കുഞ്ഞുങ്ങൾക്കുള്ള പീഡോഡോന്റിക് ചികിത്സയും ദന്ത ക്രമീകരണ ഓർത്തോഡോന്റിക് ചികിത്സയും കൃത്രിമ ദന്തങ്ങൾ നിർമ്മിച്ചു നൽകുന്ന പ്രോസ്ത്തോഡോന്റിക് ചികിത്സയും എൻടോഡോന്റിക് ചികിത്സയും വദനാർബുദ ചികിത്സയും കമ്മ്യൂണിറ്റി ഡെന്റൽ പരിശോധനകളും ഈ ഡെന്റൽ ക്ലിനിക്കുകളിൽ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
വിവിധതരം വദന രോഗങ്ങളുടെ ആധിക്യം കുറയ്ക്കുന്നതിന് വേണ്ടി ഒന്നിച്ചു പരിശ്രമിക്കാനുള്ള സന്ദേശമാണ് ലോക വദനാരോഗ്യ ദിനാചരണത്തിലൂടെ നൽകുന്നത്. 'നിങ്ങളുടെ വദനാരോഗ്യത്തിൽ അഭിമാനിക്കുക' എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. നല്ല വദനാരോഗ്യം ലഭിക്കുന്നതിനുള്ള അവബോധം നൽകി ജനങ്ങളെ ശാക്തീകരിക്കുകയാണ് ലോക വദനാരോഗ്യദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ലോക വദനാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 20 ഞായറാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ച് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഇതോടനുബന്ധിച്ചു ഡെന്റൽ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കും.
പി.എൻ.എക്സ്. 1157/2022

date