Skip to main content

പുസ്തകത്തണല്‍ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

 

 

 

അറിവ് തണല്‍ മാത്രമല്ല ആയുധം കൂടിയാണ്- മന്ത്രി

അറിവിന്റെ തണലാണ് പുസ്തകങ്ങള്‍ എന്നും, അറിവ് ഒരു തണല്‍ മാത്രമല്ല ആയുധം കൂടിയാണെന്നും പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നാഷണല്‍ സര്‍വീസ് സ്‌കീം സ്റ്റേറ്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ഉടനീളം വായനാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ (പുസ്തകത്തണല്‍) സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ സാഹചര്യത്തില്‍ അറിവാണ് യഥാര്‍ഥ ആയുധം. അറിവുണ്ടാകുമ്പോഴാണ് നാം ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറാകുന്നത്. അറിവില്ലാത്ത സമൂഹം ചോദ്യങ്ങളില്ലാത്ത എല്ലാം അനുസരിക്കുന്ന ഒരു സമൂഹമായി മാറുന്നു. അറിവ് വര്‍ധിക്കുന്നതിനൊപ്പം ചോദ്യങ്ങള്‍ കൂടുന്ന സമൂഹം കൂടുതല്‍ ജനാധിപത്യപരമാകും. ജനാധിപത്യ സമൂഹം വ്യത്യസ്ത അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാനും സ്വീകരിക്കാനും തയ്യാറാകുന്നവരാകും. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കുന്നവരാകും. ഇവിടെയാണ് അറിവ് ലോകത്തെ മാറ്റി മറിക്കുമെന്ന വാക്കുകള്‍ അര്‍ഥവത്താകുന്നത്. പുസ്തകത്തണല്‍ പോലുള്ള ആശയങ്ങള്‍ ഇതിന് ഏറെ സഹായകരമാകും- മന്ത്രി പറഞ്ഞു. 

കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വില്‍ വച്ച് നടന്ന ചടങ്ങില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ അധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ മുഖ്യാതിഥിയായി. എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാഫി പുല്‍പ്പാറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന എന്‍.എസ്.എസ് ഓഫീസര്‍ ഡോ. ആര്‍.എന്‍. അന്‍സര്‍, വാര്‍ഡ് അംഗം സി.എം. സതീദേവി ടീച്ചര്‍, എന്‍.എസ്.എസ്  ഇ.ടി.ഐ കോ- ഓര്‍ഡിനേറ്റര്‍ എന്‍.എം. സണ്ണി, കാലിക്കറ്റ് സര്‍വ്വകലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി, എ.എം. സാദിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

date