Skip to main content

തുറമുഖ വകുപ്പും കേരള മാരിടൈം ബോർഡും സംയുക്തമായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു

കേരളത്തിന്റെ ചെറുകിട തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകൾ ഉപയോഗപ്പെടുത്തി വികസന കുതിപ്പിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തുറമുഖ വകുപ്പും കേരള മാരിടൈം ബോർഡും സംയുക്തമായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു. സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് മെയ് അവസാന വാരത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിലേക്ക് ആശയങ്ങളും നിർദ്ദേശങ്ങളും തേടുന്നതിനായി ഏപ്രിൽ ആറിന് രാവിലെ 11ന് 'പ്രിസം' (Preliminary Rally of Investors in Shipping & Maritime) ഓൺലൈൻ മീറ്റ് സംഘടിപ്പിക്കും. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മാരിടൈം ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട നിക്ഷേപകരുടെയും വിദഗ്ധരുടെയും ആശയങ്ങൾ തേടുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
വെയർഹൗസ്, ഡ്രൈഡോക്ക്, വാട്ടർ സ്പോർട്സ്, ടാങ്ക് ഫാംസ്, സീവേജ് ട്രീറ്റ്മെന്റ് യൂണിറ്റ്, പായ്ക്കപ്പൽ, സീപ്ലൈൻ, ഇൻലാന്റ് മരീനാ, റോ-റോ സർവ്വീസ്, ക്രൂയിസ്ഷിപ്പിംഗ്, മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്, സാന്റ് പ്യൂരിഫേക്കേഷൻ യൂണിറ്റ്, ഫിഷ് ഇംപോർട്ട് & പ്രൊസസ്സിംഗ് യൂണിറ്റ്, എൽ.പി.ജി ടെർമിനൽ, ബങ്കർ പോർട്ട് കൺസ്ട്രക്ഷൻ, ഉരു സർവ്വീസ് തുടങ്ങി ഈ രംഗത്തെ നിക്ഷേപ സാധ്യതകളാണ് പ്രധാനമായും ചർച്ചചെയ്യുന്നത്. അതോടൊപ്പം കേരളത്തിലെ തുറമുഖങ്ങളിലെ പശ്ചാത്തല വികസനത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളുടെ നിർദ്ദേശങ്ങളും ചർച്ച ചെയ്യും.
വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കേരള തുറമുഖ വകുപ്പും പോർട്ട് മാരിടൈം വകുപ്പും രണ്ട് മാസത്തോളമായി വിവിധ തലങ്ങൾ ഇതിനായുള്ള യോഗങ്ങളും ചർച്ചകളും നടത്തി വരികയാണ്. നിക്ഷേപക സംഗമത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന 'പ്രിസം' ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് സംഘടിപ്പിക്കുന്നത്. നിക്ഷേപ സൗഹാർദ സംസ്ഥാനമെന്ന നിലയിൽ കേരളത്തിലെ തുറമുഖ മേഖലയിൽ നിക്ഷേപിക്കുവാൻ താൽപര്യമുള്ള മുഴുവൻ സംരംഭകരും പ്രീ ഇൻവെസ്റ്റേഴ്സ് മീറ്റായ ഈ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്. 500 ഓളം പ്രത്യക്ഷവും അത്രതന്നെ പരോക്ഷവുമായ തൊഴിൽ സാധ്യതതകളും 500 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയുമാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
പി.എൻ.എക്സ്. 1170/2022

date