Skip to main content

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ ബജറ്റ്  പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  വൈസ് പ്രസിഡന്റ് പി.എം.  ജോണ്‍സണ്‍ അവതരിപ്പിച്ചു. ഇ.എ. ഇന്ദിര  (വികസനകാര്യസ്ഥിരം സമിതി ചെയര്‍പേഴ്സണ്‍), കെ.പി. മുകുന്ദന്‍ (ക്ഷേമകാര്യസ്ഥിരം സമിതി ചെയര്‍പേഴ്സണ്‍), അഡ്വ കെ.ജെ. സിനി (ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍), എം.എസ്. സിജു, ഗീതാ സദാശിവന്‍,  ജയശ്രീ മനോജ്,  സജി തെക്കുംകര,  വിന്‍സന്‍ തോമസ്, കെ.ആര്‍. തുളസിയമ്മ,  കെ.ജി. സുരേഷ്,  ഗ്രേസി ശാമുവേല്‍ (ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍), ജി അനില്‍കുമാര്‍ (സെക്രട്ടറി, ഗ്രാമപഞ്ചായത്ത്), വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
മുന്‍ബാക്കി ഉള്‍പ്പടെ 12,45,05,700 രൂപാ വരവും 12,25,78,000 രൂപാ ചെലവും കണക്കാക്കിയിട്ടുള്ള ബജറ്റില്‍ 19,27,700 രൂപായുടെ മിച്ചമാണ് ലഭ്യമായിട്ടുള്ളത്.

 

കാര്‍ഷികമേഖല, ക്ഷീരവികസനം, വീട് മെയിന്റനന്‍സ്, പശ്ചാത്തല സൗകര്യങ്ങള്‍, തെരുവു വിളക്ക് പരിപാലനം, പാലിയേറ്റീവ് കെയര്‍, ഭക്ഷ്യ സുരക്ഷ, മൃഗസംരക്ഷണം, വനിതാ-ശിശു വികസനം, സാമൂഹ്യ സുരക്ഷ, ആസ്തികളുടെ സംരക്ഷണം, കുടിവെള്ള പദ്ധതികള്‍, ജലജീവന്‍ മിഷന്‍, നിലാവ് പദ്ധതി, ഘടക സ്ഥാപനങ്ങള്‍ക്ക് ഐഎസ്ഒ, സാറ്റ്ലൈറ്റ് മാപ്പിംഗ്, ബയോഡൈവേഴ്സിറ്റി രജിസ്റ്റര്‍ പുതുക്കല്‍, സുഭിക്ഷ കേരളം പദ്ധതി എന്നിവയ്ക്കും ബജറ്റ് പരിഗണന നല്‍കി.

 

ചെറുകിട വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലന്തൂര്‍ ഖാദി ഭവനുമായി ചേര്‍ന്ന് ഖാദി ഗ്രാമ വ്യവസായം എന്ന പദ്ധതിയിലൂടെ എല്ലാ വാര്‍ഡിലെയും ഗുണഭോക്താക്കള്‍ക്കും പരിശീലനം നല്‍കി, ചര്‍ക്കയും തറിയും വിതരണം ചെയ്ത്,  വരുമാന മാര്‍ഗമായിവികസിപ്പിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റിലെ കെട്ടിടം നവീകരിച്ച് ഗ്രാമപഞ്ചായത്തിലെ ശുചിത്വ പരിപാലന വിഭാഗത്തിന്റെ ഓഫീസ് മുറി ഉള്‍പ്പടെ ഉപയോഗ യോഗ്യമാക്കുന്നതിന് ഒരു കോടി രൂപാ വകയിരുത്തി. നിര്‍മാണത്തിന്റെ അതിവേഗ നടത്തിപ്പിനായി കൂടുതല്‍ തുക കണ്ടെത്തുന്നതിന് 2022-23 വര്‍ഷത്തില്‍ തന്നെ നടപടികള്‍ സ്വീകരിക്കും.

 

അംഗണവാടികള്‍ക്ക് സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനായി 30 ലക്ഷം രൂപാ വകയിരുത്തിയിട്ടുണ്ട്. തെരുവു വിളക്കിന് പുതിയതായി ഇലക്ട്രിക്കല്‍ ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിനും, കുടിവെള്ളത്തിനായി പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിനും ബജറ്റില്‍  പരിഗണന നല്‍കിയിട്ടുണ്ട്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയുടെ വീട് നിര്‍മാണം ബജറ്റ് ലക്ഷ്യം വയ്ക്കുന്നു.  ബൃഹത്തായ ഒരു കുടിവെള്ള പദ്ധതിയിലേക്ക് പഞ്ചായത്ത് വിഹിതം മാറ്റി വയ്ക്കല്‍, ശ്മശാനത്തിനും ആധുനിക അറവുശാലയ്ക്കും  സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് നിര്‍മാണം എന്നിവയും ബജറ്റ് ലക്ഷ്യം വയ്ക്കുന്നു.

 

കുന്നത്തുചിറ നവീകരണത്തിനായും അനുബന്ധമായി മിനി പാര്‍ക്ക് നിര്‍മാണത്തിനായും  15 ലക്ഷം രൂപാ  വകയിരുത്തി.   ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണത്തിന് 15 ലക്ഷം രൂപ വകയിരുത്തി. മാര്‍ക്കറ്റ് കോംപ്ലക്സ്, കമ്മ്യൂണിറ്റി ഹാള്‍  നവീകരണം എന്നിവയില്‍ കൂടി മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും, ഒപ്പം തന്നെ  വരുമാന വര്‍ധനവിനും  ഊന്നല്‍ നല്‍കുന്നു.

 

മറ്റ്  പ്രധാന വകയിരുത്തലുകള്‍:
കൃഷിയും മൃഗ സംരക്ഷണവും - 50 ലക്ഷം രൂപ. കുടിവെള്ളം - 32 ലക്ഷം രൂപ. അഗതികള്‍, വൃദ്ധര്‍, വികലാംഗര്‍, വനിതകള്‍- 30 ലക്ഷം രൂപ. മാലിന്യ സംസ്‌കരണം - 30 ലക്ഷം രൂപ.

date